അന്താരാഷ്ട്ര സ്കൂൾസ് ഡിബേറ്റിങ് ചാംപ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ദാറുൽഹുദാക്ക് കിരീടം
ഫൈനലിൽ മലേഷ്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത സുൽത്വാൻ സൈനുൽ ആബിദീൻ സ്കൂൾ ആയിരുന്നു എതിരാളികൾ
Update: 2026-01-11 10:21 GMT
ദോഹ: ദോഹയിൽ വെച്ച് നടന്ന അന്താരാഷ്ട്ര സ്കൂൾസ് ഡിബേറ്റിങ് ചാംപ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ചെമ്മാട് ദാറുൽഹുദാ ടീമിന് കിരീടം. ഫൈനലിൽ മലേഷ്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത സുൽത്വാൻ സൈനുൽ ആബിദീൻ സ്കൂളിനെയാണ് പരാജയപ്പെടുത്തിയത്. ചാമ്പ്യൻഷിപ്പിൽ അറബേതര രാജ്യങ്ങളുടെ കാറ്റഗറി തൂത്തുവാരിയാണ് ദാറുൽഹുദാ ടീം ഫൈനലിലേക്ക് പ്രവേശനം നേടിയത്. ബ്രൂണെ, മലേഷ്യ, കാനഡ എന്നിവരാണ് അറബേതര കാറ്റഗറിയിൽ ഗ്രൂപ്പ് ഘട്ടത്തിലെ എതിരാളികളായത്. അബ്‌ദുൽ ഹയ്യ് മുടിക്കോട്, മുഹമ്മദ് റബീഹ് പാവണ്ണ, മുഹമ്മദ് ഹാഷിം പൊന്നാനി, മുബശ്ശിർ മുണ്ടമ്പ്ര എന്നിവരാണ് ടീം അംഗങ്ങൾ. രണ്ടു മാസം മുമ്പ് ഒമാനിൽ നടന്ന ഏഷ്യൻ അറബിക് ഡിബേറ്റ് ചാംപ്യൻഷിപ്പിലും ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ദാറുൽഹുദാ ടീം ജേതാക്കളായിരുന്നു.