സൂഖ് വാഖിഫിലെ ഈത്തപ്പഴ മേളയ്ക്ക് സമാപനം

മേളയ്‌ക്കെത്തിയത് 90,600 സന്ദർശകർ

Update: 2025-08-09 12:27 GMT

ദോഹ: ദോഹയിലെ സൂഖ് വാഖിഫിൽ നടന്ന ഈത്തപ്പഴ മേളയ്ക്ക് സമാപനം. ഒരു ലക്ഷത്തോളം സന്ദർശകരാണ് രണ്ടാഴ്ച നീണ്ട മേളയിലെത്തിയത്. മേളയുടെ പത്താമത് എഡിഷനായിരുന്നു ഇത്തവണത്തേത്.

പ്രാദേശിക ഈത്തപ്പഴങ്ങളുടെ പ്രദർശനവും വിൽപനയും ലക്ഷ്യമിട്ട് നടത്തുന്ന മേളയിൽ ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 114 ഫാമുകളാണ് പങ്കെടുത്തത്. വിറ്റു പോയത് 170,403 കിലോഗ്രാം ഈത്തപ്പഴം. 90,600 സന്ദർശകരാണ് ആകെയെത്തിയത്.

ഖലാസ് ഈത്തപ്പഴത്തിനായിരുന്നു ആവശ്യക്കാർ കൂടുതൽ. 75,658 കിലോഗ്രാം ഖലാസ് ആണ് വിറ്റു പോയത്. ഷീഷി ഈത്തപ്പഴമാണ് രണ്ടാമത്. വിറ്റത് 33,057 കിലോഗ്രാം. മറ്റു ഇനങ്ങളായ ഖനീസി 31,232 കിലോഗ്രാമും ബർഹി 18,772 കിലോഗ്രാമും വിറ്റഴിക്കപ്പെട്ടു. ഈത്തപ്പഴങ്ങളിലെ മറ്റിനങ്ങളിൽ 12,684 കിലോഗ്രാമിന്റെ വിൽപന നടന്നു. 2,057 കിലോയുടെ ഈത്തപ്പഴയിതര പഴവർഗങ്ങളും വിറ്റുപോയതായി മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു.

Advertising
Advertising

പ്രാദേശിക ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിൽ മേള വലിയ പങ്കുവഹിക്കുന്നതായി മന്ത്രാലയം ചൂണ്ടിക്കാട്ടി. ഫെസ്റ്റിവലിന് പൊതുജനങ്ങളിൽ നിന്ന് വലിയ സ്വീകാര്യത ലഭിച്ചു. അത് തെളിയിക്കുന്നതാണ് സന്ദർശകരുടെ പങ്കാളിത്തം. കാർഷിക സുസ്ഥിരത, ഭക്ഷ്യസുരക്ഷ, രാജ്യത്തിന്റെ കാർഷിക പൈതൃകം എന്നിവയ്ക്ക് മേള നൽകുന്ന സംഭാവന വലുതാണെന്നും മന്ത്രാലയം എടുത്തു പറഞ്ഞു.

ഫെസ്റ്റിവലിൽ പങ്കെടുക്കുന്ന ഫാമുകളുടെ എണ്ണത്തിലും ഓരോ വർഷവും വർധനയുണ്ട്. 2016ൽ 19 ഫാമുകൾ മാത്രമായിരുന്നു മേളയ്ക്കുണ്ടായിരുന്നത്. ഇതാണ് ഈ വർഷം 114ൽ എത്തി നിൽക്കുന്നത്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News