കൗമാരപ്പോരിന്റെ മത്സരചിത്രം തെളിഞ്ഞു; താരോദയങ്ങളെ കാത്ത് ഖത്തർ
നവംബർ മൂന്ന് മുതൽ 27 വരെയാണ് അണ്ടർ 17 ലോകകപ്പ് നടക്കുന്നത്
ദോഹ: ഖത്തർ വേദിയാകുന്ന അണ്ടർ 17 ലോകകപ്പ് ഫുട്‌ബോളിന്റെ മത്സര ചിത്രം തെളിഞ്ഞു. ലുസൈലിലെ റാഫിൾസ് ഹോട്ടലിലാണ് 48 ടീമുകളെ 12 ഗ്രൂപ്പുകളായി തിരിക്കുന്ന നറുക്കെടുപ്പ് നടന്നത്. ഗ്രൂപ്പ് എയിൽ ആതിഥേയരായ ഖത്തറിനൊപ്പം ഇറ്റലി, ദക്ഷിണാഫ്രിക്ക, ബൊളീവിയ ടീമുകളാണ് ഉള്ളത്. ഗ്രൂപ്പ് ബിയിൽ പോർച്ചുഗലിന് വെല്ലുവിളിയുമായി ഏഷ്യൻ കരുത്തരായ ജപ്പാനും മൊറോക്കോയുമുണ്ട്. നവാഗതരായ ന്യൂകലെഡോണിയയാണ് നാലാമത്തെ ടീം. സി ഗ്രൂപ്പിൽ കോസ്റ്റാറിക്ക, ക്രൊയേഷ്യ, സെനഗൽ, യുഎഇ ടീമുകൾ മാറ്റുരയ്ക്കും. അർജന്റീന കളിക്കുന്ന ഡി ഗ്രൂപ്പിൽ ബെൽജിയമാണ് ശക്തമായ വെല്ലുവിളി ഉയർത്തുന്നത്. ടുണീഷ്യയും ഫിജിയുമാണ് മറ്റു ടീമുകൾ. ഇ ഗ്രൂപ്പിൽ ഇംഗ്ലണ്ടിനെ നേരിടാൻ ഈജിപ്ത്, വെനസ്വേല, ഹെയ്തി ടീമുകളാണ് ഇറങ്ങുന്നത്.
പ്രമുഖരില്ലാത്ത എഫ് ഗ്രൂപ്പിൽ ഐവറി കോസ്റ്റ്, ദക്ഷിണ കൊറിയ, മെക്‌സിക്കോ, സ്വിറ്റ്‌സർലൻഡ് ടീമുകൾ നോക്കൗട്ട് ബെർത്തിനായി പോരാടും. നിലവിലെ ചാമ്പ്യൻമാരായ ജർമനി ഗ്രൂപ്പ് ജിയിലാണ്. കൊളംബിയ, എൽസാൽവദോർ, നോർത്ത് കൊറിയ ടീമുകളാണ് ഗ്രൂപ്പിലുള്ളത്. നാല് തവണ കിരീടം നേടിയിട്ടുള്ള ബ്രസീലിന് ഗ്രൂപ്പ് എച്ചിൽ കാര്യമായ എതിരാളികളില്ല, ഹോണ്ടുറാസ്, ഇന്തോനേഷ്യ. സാംബിയ ടീമുകളാണ് ഗ്രൂപ്പിലുള്ളത്. ഐ ഗ്രൂപ്പിൽ ചെക് റിപ്പബ്ലിക്കും അമേരിക്കയും തമ്മിലാകും പ്രധാന പോരാട്ടം. ഗ്രൂപ്പ് ജെയിൽ തുല്യശക്തികളുടെ പോരാട്ടം കാണാം. പരാഗ്വെ, അയർലൻഡ്, ഉസ്‌ബെകിസ്താൻ എന്നിവർക്കൊപ്പം പനാമയും പോരിനിറങ്ങും. കാനഡ, ചിലി, യുഗാണ്ട ടീമുകളാണ് കെ ഗ്രൂപ്പിൽ ഫ്രാൻസിനൊപ്പം കളിക്കാനിറങ്ങുന്നത്. ഗ്രൂപ്പ് എല്ലിൽ ഏഷ്യൻ വമ്പൻമാരായ സൗദിയുടെ സാന്നിധ്യമാണ് ശ്രദ്ധേയം. ഓസ്ട്രിയയും ന്യൂസിലൻഡും മാലിയുമാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ. 12 ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാരും മികച്ച 8 മൂന്നാം സ്ഥാനക്കാരും നോക്കൌട്ടിലേക്ക് യോഗ്യത നേടും. നവംബർ മൂന്ന് മുതൽ 27 വരെയാണ് ടൂർണമെന്റ് നടക്കുന്നത്. ആകെ 104 മത്സരങ്ങളാണ് ടൂർണമെന്റിൽ ഉള്ളത്.