ഇസ്രായേലിനെതിരെ ഒന്നിച്ച്; ദോഹയിൽ അറബ് - ഇസ്‌ലാമിക രാഷ്ട്രങ്ങളുടെ അടിയന്തര ഉച്ചകോടി
ഞായർ, തിങ്കൾ ദിവസങ്ങളിലാണ് ഉച്ചകോടി
ദോഹ: ദോഹയിലെ ആക്രമണത്തിൽ ഇസ്രായേലിനെതിരെ ഒന്നിച്ചു നീങ്ങാൻ തയ്യാറെടുത്ത് അറബ് - ജിസിസി രാഷ്ട്രങ്ങൾ. തന്ത്രങ്ങൾ രൂപപ്പെടുന്നതിന്റെ ഭാഗമായി ദോഹയിൽ അടിയന്തര ഉച്ചകോടി ചേരും. ആക്രമണവുമായി ബന്ധപ്പെട്ട് മന്ത്രിതല ഉന്നത സമിതികൾ യോഗം ചേർന്നു.
ഞായർ, തിങ്കൾ ദിവസങ്ങളിലാണ് അറബ് - ഇസ്‌ലാമിക രാഷ്ട്രങ്ങളുടെ അടിയന്തര ഉച്ചകോടി ചേരുന്നത്. ദോഹയിലെ ഷെറാട്ടൺ ഹോട്ടൽ ഉച്ചകോടിക്ക് വേദിയാകും. ഇതിന് മുന്നോടിയായി ഞായറാഴ്ച അറബ് രാഷ്ട്രങ്ങളിലെ വിദേശകാര്യമന്ത്രിമാർ പ്രത്യേക യോഗം ചേരുന്നുണ്ട്. ദോഹ അൽ ഹിലാലിലെ റിറ്റ്‌സ് കാൾട്ടൺ ഹോട്ടലിലാണ് മന്ത്രിമാരുടെ കൂടിക്കാഴ്ച. അന്താരാഷ്ട്ര തലത്തിൽ ഇസ്രായേലിനെതിരെ സ്വീകരിക്കേണ്ട തന്ത്രങ്ങൾ രൂപപ്പെടുത്തുകയാണ് ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം.
അതിനിടെ, ആഗോള വേദികളിൽ ഇസ്രായേലിനെതിരെ സ്വീകരിക്കേണ്ട നിയമവശങ്ങൾ ചർച്ച ചെയ്യാൻ വിദേശകാര്യ സഹമന്ത്രി മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അൽ ഖുലൈഫിയുടെ നേതൃത്വത്തിലുള്ള സംഘം യോഗം ചേർന്നു. സാധ്യമായ എല്ലാ നിയമവശങ്ങളും പരിഗണിക്കുന്നുണ്ടെന്ന് സംഘം അറിയിച്ചു. ആക്രമണം പരിശോധിക്കാൻ ആഭ്യന്തര മന്ത്രി ശൈഖ് ഖലീഫ ബിൻ ഹമദ് അൽഥാനിയുടെ നേതൃത്വത്തിൽ സുരക്ഷാ സംഘത്തിനും ഖത്തർ രൂപം നൽകിയിട്ടുണ്ട്. മന്ത്രിസഭാ യോഗത്തിലാണ് വിവിധ സമിതികൾ രൂപവത്കരിക്കാനുള്ള തീരുമാനം.
ഹമാസ് നേതാക്കളെ പുറത്താക്കിയില്ലെങ്കിൽ ഖത്തറിൽ വീണ്ടും ആക്രമണം നടത്താൻ മടിക്കില്ലെന്ന ഇസ്രായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിന്റെ പ്രസ്താവനയോടും ഖത്തർ അതിശക്തമായ ഭാഷയിൽ പ്രതികരിച്ചു. പ്രസ്താവന രാജ്യത്തിന്റെ പരമാധികാരത്തോടുള്ള വെല്ലുവിളിയാണെന്നും ഹമാസിന്റെ ഓഫീസ് ഇവിടെ പ്രവർത്തിക്കുന്നത് നെതന്യാഹുവിന് അറിയാത്ത കാര്യമാണോ എന്നും ഖത്തർ ചോദിച്ചു. ഹമാസ് സംഘത്തിന് ഖത്തർ രഹസ്യ ഇടം കൊടുത്തെന്ന ഇസ്രായേൽ പ്രധാനമന്ത്രിയുടെ പ്രസ്താവന ആക്രമണത്തെ ന്യായീകരിക്കാനാണെന്നും വിദേശകാര്യമന്ത്രാലയം കുറ്റപ്പെടുത്തി.
നെതന്യാഹുവിന് എതിരെ യുഎഇ
ഖത്തറിനെ വീണ്ടും ആക്രമിക്കുമെന്ന നെതാന്യാഹുവിന്റെ പ്രസ്താവനക്കെതിരെ യുഎഇ രംഗത്തെത്തി. ഖത്തറിന്റെ സുരക്ഷ മുഴുവൻ ഗൾഫ് രാജ്യങ്ങളുടെയും സുരക്ഷയും സുസ്ഥിരതയുമാണ്. ഏതെങ്കിലും ഒരു ഗൾഫ് രാജ്യത്തിന് നേരെയുള്ള ആക്രമണം മുഴുവൻ ഗൾഫ് രാജ്യങ്ങൾക്ക് നേരെയുള്ള ആക്രമണമായി കണക്കാക്കുമെന്ന് യുഎഇ വിദേശകാര്യമന്ത്രാലയം. ഖത്തറിനെതിരായ ഇസ്രായേൽ ഭീഷണി മേഖലയെ വലിയ അപകടത്തിലേക്കാണ് നയിക്കുമെന്നും യുഎഇ പറഞ്ഞു.