2025 ആദ്യ പാദം: ജിസിസി രാജ്യങ്ങളുടെ ജിഡിപി 588.1 ബില്യൺ ഡോളറായി
3% വാർഷിക വർധനവ്
ദോഹ: 2025 ആദ്യ പാദത്തിന്റെ അവസാനത്തിൽ ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) 588.1 ബില്യൺ ഡോളറിലെത്തി. 2024 ലെ ഇതേ കാലയളവിലെ ജിഡിപിയുമായി താരതമ്യം ചെയ്യുമ്പോൾ 3% വാർഷിക വർധനവുണ്ടായെന്ന് ജിസിസി സ്റ്റാറ്റിസ്റ്റിക്കൽ സെന്റർ (ജിസിസി-സ്റ്റാറ്റ്) പുറപ്പെടുവിച്ച ഡാറ്റ വ്യക്തമാക്കുന്നു. 2024ൽ 570.9 ബില്യൺ ഡോളറായിരുന്നു ജിസിസിയിലെ ജിഡിപി.
2025 ലെ ആദ്യ പാദത്തിൽ എണ്ണ ഇതര പ്രവർത്തനങ്ങൾ ജിസിസിയുടെ ജിഡിപിയിൽ 73.2% സംഭാവന ചെയ്തുവെന്ന് സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം എണ്ണ പ്രവർത്തനങ്ങൾ 26.8% ആയിരുന്നു.
2025 ലെ ആദ്യ പാദത്തിൽ ജിസിസിയുടെ ജിഡിപി മൂന്നുമാസത്തിൽ 0.1% എന്ന നേരിയ വളർച്ച രേഖപ്പെടുത്തി. 2024 നാലാം പാദത്തിൽ 587.8 ബില്യൺ ഡോളറായിരുന്നു ജിഡിപി. എണ്ണ ഇതര മേഖലകളിൽ ജിസിസി അംഗരാജ്യങ്ങൾ വളർച്ച നേടുന്നതാണ് കണക്കുകളിലെ വർധനവ് ചൂണ്ടിക്കാട്ടുന്നത്.