ഗ്രൂപ്പുകൾക്ക് വിട, ഖത്തറിൽ ഇൻകാസ് ഇനി ഒറ്റക്കെട്ട്: ജംബോ കമ്മിറ്റി പ്രഖ്യാപിച്ച് കെപിസിസി
ഒരു പതിറ്റാണ്ടിലേറെയായി രണ്ടു ചേരികളിലായാണ് ഖത്തറിലെ കോൺഗ്രസ് പ്രവർത്തിച്ചിരുന്നത്
ദോഹ: ഖത്തറിലെ കോൺഗ്രസ് പ്രവർത്തകരുടെ സംഘടനകൾ യോജിച്ചു പ്രവർത്തിക്കാൻ ധാരണയായി. പുതിയ കമ്മിറ്റിയെ കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് പ്രഖ്യാപിച്ചു. ഏറെക്കാലത്തെ ചർച്ചകൾക്കു ശേഷമാണ് ഒന്നിച്ചു മുമ്പോട്ടു പോകാനുള്ള കോൺഗ്രസ് ഗ്രൂപ്പുകളുടെ തീരുമാനം. ഒരു പതിറ്റാണ്ടിലേറെയായി ഇൻകാസ് ഖത്തർ, ഒ ഐ.സി.സി ഇൻകാസ് ഖത്തർ എന്നീ രണ്ടു ചേരികളിലായാണ് ഖത്തറിലെ കോൺഗ്രസ് പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞയാഴ്ച കെപിസിസി ഭാരവാഹികൾ ഖത്തറിൽ നടത്തിയ ചർച്ചകൾക്കൊടുവിലാണ് ഗ്രൂപ്പുകൾ മറന്ന് ഒന്നിക്കാനുള്ള നേതാക്കളുടെ തീരുമാനം. പ്രധാന ഭാരവാഹികൾക്ക് പുറമേ,11 വൈസ് പ്രസിഡണ്ടുമാരും 12 ജനറൽ സെക്രട്ടറിമാരും 16 സെക്രട്ടറിമാരുമുള്ള ജംബോ കമ്മിറ്റിയാണ് കെപിസിസി പ്രഖ്യാപിച്ചിട്ടുള്ളത്.
സിദ്ദിഖ് പുറായിൽ ആണ് ഇൻകാസ് സെൻട്രൽ കമ്മിറ്റിയുടെ പ്രസിഡണ്ട്. ജനറൽ സെക്രട്ടറിയായി കെ.വി ബോബനെയും ട്രഷററായി ജീസ് ജോസഫിനെയും തെരഞ്ഞെടുത്തു. ഇൻകാസ് ഖത്തറിന്റെ നിലവിലെ പ്രസിഡണ്ട് ഹൈദർ ചുങ്കത്തറ പുതിയ കമ്മിറ്റിയുടെ മുഖ്യ രക്ഷാധികാരിയായി. മുതിർന്ന നേതാക്കളായ കെ.കെ ഉസ്മാൻ, മുഹമ്മദ് ഷാനവാസ്, ജോൺ ഗിൽബർട്ട്, ജോപ്പച്ചൻ തെക്കേക്കൂറ്റ് എന്നിവർ രക്ഷാധികാരികളായിരിക്കും. ഖത്തറിലെ പ്രധാന നേതാക്കൾ ഉൾക്കൊള്ളുന്ന അഡൈ്വസറി ബോർഡും രൂപീകരിച്ചിട്ടുണ്ട്.
നേരത്തെ, ഗ്രൂപ്പ് തർക്കം തീർക്കാനായി കെപിസിസി പ്രസിഡണ്ട് ഉൾപ്പെടെയുള്ള നേതാക്കൾ ഖത്തറിലെത്തി ചർച്ച നടത്തിയിരുന്നുവെങ്കിലും പരിഹാരമുണ്ടാക്കാനായിരുന്നില്ല. തുടർ ചർച്ചകൾക്കായി കഴിഞ്ഞ മാസം ദോഹയിലെത്തിയ കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പിഎം നിയാസ്, അഡ്വക്കേറ്റ് സോണി സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന മാരത്തൺ കൂടിക്കാഴ്ചകൾക്ക് ശേഷമാണ് പുതിയ കമ്മിറ്റി നിലവിൽ വരുന്നത്.