ദാ…ഇതുപോലെ; പാസ്പോർട്ട് അപേക്ഷകളിൽ ഫോട്ടോയ്ക്ക് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ദോഹ ഇന്ത്യൻ എംബസി

മതപരമായ കാരണങ്ങളാൽ ഒഴികെ ശിരോവസ്ത്രം ധരിക്കാൻ അനുവാദമില്ല

Update: 2025-10-24 06:35 GMT
Editor : Mufeeda | By : Web Desk

ദോഹ: പാസ്പോർട്ട് അപേക്ഷകളിൽ ഫോട്ടോയ്ക്ക് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ദോഹയിലെ ഇന്ത്യൻ എംബസി. പാസ്പോർട്ട് സേവാ പോർട്ടൽ പുതുക്കലിന്റെ ഭാ​ഗമായി പാസ്പോർട്ട് അപേക്ഷകരും പുതുക്കുന്നവരും ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർ​ഗനൈസേഷന്റെ (ICAO) മാർ​ഗനിർദേശങ്ങൾ പാലിക്കണം.

ICAOയുടെ പുതിയ മാനദണ്ഡങ്ങളനുസരിച്ച് അപേക്ഷയോടൊപ്പം ചേർക്കുന്ന ഫോട്ടോയിൽ 80-85% മുഖം, തല, തോൾ എന്നീ ഭാ​ഗങ്ങൾ ഉൾക്കൊള്ളുന്ന രീതിയിലുള്ള ക്ലോസ്അപ്പ് ആയിരിക്കണം. 630*810 പിക്സലുകളിലുള്ള കളർ ഫോട്ടോ, ബാക്​ഗ്രൗണ്ട് വെള്ള നിറത്തിലാവണം.

ചർമ്മത്തിന്റെ കളർടോണുകളിൽ എഡിറ്റ് ചെയ്യരുത്. ഉചിതമായ വെളിച്ചവും കോൺട്രാസ്റ്റും ഉണ്ടായിരിക്കണം. മുഖത്ത് നിഴലുകൾ ഉണ്ടാവരുത്. കണ്ണടകളുടെ പ്രതിഫലനം ഉണ്ടാകരുത്, അത് ഒഴിവാക്കാൻ കണ്ണടകൾ വെക്കാതിരിക്കണം.

അപേക്ഷകന്റെ കണ്ണുകൾ തുറന്നതും വ്യക്തമായി കാണാവുന്നതുമാവണം, ക്യാമറയിലേക്ക് നേരിട്ട് നോക്കുന്ന രൂപത്തിലായിരിക്കണം. കണ്ണുകൾക്ക് കുറുകെ രോമങ്ങൾ ഉണ്ടാകരുത്, കണ്ണ് ചുവപ്പായിരിക്കരുത്.

ക്യാമറയിൽ നിന്ന് 1.5 മീറ്റർ അകലെ നിന്ന് എടുക്കണം. മതപരമായ കാരണങ്ങളാൽ ഒഴികെ ശിരോവസ്ത്രം ധരിക്കാൻ അനുവാദമില്ല, താടിയുടെ അടിഭാഗം മുതൽ നെറ്റിയുടെ മുകൾഭാഗം വരെയും മുഖത്തിന്റെ രണ്ട് അരികുകളും വ്യക്തമായി കാണിച്ചിരിക്കണം.

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News