ഖത്തറിൽ 100 കോടി ഡോളറിന്റെ നിക്ഷേപ പ്രോത്സാഹന പദ്ധതി പ്രഖ്യാപിച്ച് ഇൻവെസ്റ്റ് ഖത്തർ

ഖത്തറിലേക്ക് വിദേശ നിക്ഷേപം ആകര്‍ഷിക്കാനുള്ള ഏജന്‍സിയാണ് ഇന്‍വെസ്റ്റ് ഖത്തര്‍

Update: 2025-05-23 14:40 GMT
Editor : Thameem CP | By : Web Desk

ദോഹ: ഖത്തറിന്റെ വ്യാപാര, നിക്ഷേപ മേഖലക്ക് ഉണർവേകാൻ 100 കോടി ഡോളറിന്റെ പ്രോത്സാഹന പദ്ധതി പ്രഖ്യാപിച്ച് ഇൻവെസ്റ്റ് ഖത്തർ. ഖത്തർ സാമ്പത്തിക ഫോറത്തിലാണ് ഈ സുപ്രധാന പ്രഖ്യാപനം നടന്നത്. രാജ്യത്തേക്ക് വിദേശ നിക്ഷേപം ആകർഷിക്കാനുള്ള ഏജൻസിയായ ഇൻവെസ്റ്റ് ഖത്തർ, പുതിയ പദ്ധതിയിലൂടെ കൂടുതൽ വിദേശ കമ്പനികളെ രാജ്യത്തേക്ക് ആകർഷിച്ച് നിക്ഷേപം പ്രോത്സാഹിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

ഈ പുതിയ പ്രോത്സാഹന പദ്ധതി പ്രകാരം, നിക്ഷേപകർക്ക് പ്രാദേശികമായ ചിലവുകളുടെ 40 ശതമാനം വരെ സഹായം ലഭിക്കും. ബിസിനസ് സജ്ജീകരണ ചിലവുകൾ, നിർമാണം, ഓഫീസ് പാട്ടക്കരാർ, ഉപകരണങ്ങൾ, തൊഴിലാളികളുമായി ബന്ധപ്പെട്ട ചെലവുകൾ എന്നിവക്ക് ആവശ്യമായ സാമ്പത്തിക സഹായങ്ങൾ അഞ്ചുവർഷത്തേക്ക് ഉറപ്പു നൽകുകയും ചെയ്യും.

'ഇതുവഴി രാജ്യത്ത് ലോകോത്തര നിലവാരത്തിലെ നിക്ഷേപ സാഹചര്യം സൃഷ്ടിക്കുകയാണ് ലക്ഷ്യം,' ഖത്തർ വാണിജ്യ വ്യവസായ മന്ത്രി ശൈഖ് ഫൈസൽ ബിൻ താനി ഫൈസൽ അൽഥാനി പറഞ്ഞു. ദേശീയ വികസന പദ്ധതിയുടെ ഭാഗമായി കണക്കാക്കിയ അത്യാധുനിക വ്യവസായങ്ങൾ, ലോജിസ്റ്റിക്‌സ്, ഐ.ടി, ഡിജിറ്റൽ സേവനം, ധനകാര്യം എന്നീ മേഖലകളെയാണ് ഈ പ്രോത്സാഹന പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News