കെ.ടി.യു ബിരുദധാരികൾക്ക് ഖത്തറിൽ തൊഴിൽ പ്രതിസന്ധി; യൂണിവേഴ്സിറ്റിക്ക് യു.പി.ഡി.എ അംഗീകാരമില്ലാത്തത് ദുരിതമാകുന്നു

സർക്കാർ സ്ഥാപനങ്ങൾ ഉൾപ്പെടെ ഖത്തറിലെ പ്രമുഖ കമ്പനികളിൽ എൻജിനീയറായി ജോലി ലഭിക്കണമെങ്കിൽ യു.പി.ഡി.എ ലൈസൻസ് നിർബന്ധമാണ്

Update: 2025-07-27 18:31 GMT
Editor : Thameem CP | By : Web Desk

ദോഹ: കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി (കെ.ടി.യു) ബിരുദധാരികൾക്ക് ഖത്തറിൽ എൻജിനീയറിങ് ജോലികൾക്ക് പ്രവേശിക്കാൻ പ്രയാസം നേരിടുന്നതായി പരാതി. ഖത്തറിലെ എൻജിനീയറിങ് ലൈസൻസിങ് അതോറിറ്റിയായ അർബൻ പ്ലാനിങ് ആൻഡ് ഡെവലപ്മെന്റ് അതോറിറ്റിയുടെ (യു.പി.ഡി.എ) അംഗീകാരം യൂണിവേഴ്സിറ്റിക്ക് ഇല്ലാത്തതാണ് ഈ പ്രശ്‌നത്തിന് കാരണം.

സർക്കാർ സ്ഥാപനങ്ങൾ ഉൾപ്പെടെ ഖത്തറിലെ പ്രമുഖ കമ്പനികളിൽ എൻജിനീയറായി ജോലി ലഭിക്കണമെങ്കിൽ യു.പി.ഡി.എ ലൈസൻസ് നിർബന്ധമാണ്. യു.പി.ഡി.എയുടെയും ഖത്തറിലെ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും അംഗീകാരമുള്ള യൂണിവേഴ്‌സിറ്റികളിൽ നിന്നും ബിരുദം നേടിയവർക്ക് മാത്രമേ ഈ ലൈസൻസ് ലഭിക്കുകയുള്ളൂ. എന്നാൽ, രൂപീകരിച്ച് 11 വർഷം കഴിഞ്ഞിട്ടും കേരള ടെക്നിക്കൽ യൂണിവേഴ്‌സിറ്റിക്ക് ഈ അംഗീകാരം ലഭിച്ചിട്ടില്ല. ഇത് മൂലം നിരവധി ഉദ്യോഗാർഥികളാണ് ദുരിതത്തിലായിരിക്കുന്നത്.

Advertising
Advertising

സാധാരണഗതിയിൽ വളരെ അനായാസം ലഭിക്കേണ്ട ഈ ലൈസൻസ് ഇപ്പോൾ നാല് മാസത്തിലേറെ നീണ്ട പ്രക്രിയയിലൂടെയാണ് ഉദ്യോഗാർഥികൾക്ക് സ്വന്തമാക്കാൻ കഴിയുന്നത്. ഇത് പലപ്പോഴും ജോലി ലഭിച്ച ഓഫറുകൾ നഷ്ടപ്പെടുന്നതിനും കാരണമാകുന്നു. ഈ വിഷയത്തിൽ അധികാരികളുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ വേണമെന്നാണ് ഉദ്യോഗാർത്ഥികളുടെ ആവശ്യം.

കേരളത്തിലെ ഒട്ടുമിക്ക സർവകലാശാലകളും ഖത്തറിലെ മന്ത്രാലയങ്ങളുടെ അംഗീകൃത ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും, കേരള ടെക്നിക്കൽ യൂണിവേഴ്‌സിറ്റി ഇതുസംബന്ധിച്ച നടപടികൾ ഇതുവരെ പൂർത്തിയാക്കിയിട്ടില്ല. ഖത്തറിലെ മലയാളി എൻജിനീയർമാരുടെ കൂട്ടായ്മയായ എൻജിനീയേഴ്സ് ഫോറം ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. കെ.ടി.യു വിദ്യാർത്ഥികൾക്ക് തൊഴിൽ മേഖലകളിലേക്ക് അനായാസം കടന്നുചെല്ലാൻ കഴിയുന്ന രീതിയിൽ അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗാർത്ഥികൾ

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News