വേനൽചൂട് കനത്തു: ഖത്തറിൽ ജൂൺ ഒന്ന് മുതൽ ഉച്ചവിശ്രമ നിയമം പ്രാബല്യത്തിൽ

രാവിലെ 10 മുതൽ വൈകീട്ട് 3.30 വരെ പുറം ജോലികൾക്ക് നിയന്ത്രണം

Update: 2025-05-27 16:17 GMT
Editor : Thameem CP | By : Web Desk

ദോഹ: ഖത്തറിൽ ചൂട് കൂടിയതോടെ തുറന്ന ഇടങ്ങളിൽ ജോലി ചെയ്യുന്നതിന് നിയന്ത്രണം പ്രഖ്യാപിച്ച് തൊഴിൽ മന്ത്രാലയം. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ജൂൺ ഒന്ന് മുതൽ ഉച്ചവിശ്രമ നിയമം പ്രാബല്യത്തിൽ കൊണ്ടുവരുന്നത്.

പുതിയ നിയമമനുസരിച്ച്, ജൂൺ ഒന്ന് മുതൽ രാവിലെ 10 മണി മുതൽ വൈകിട്ട് 3:30 വരെ തുറന്ന സ്ഥലങ്ങളിൽ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കാൻ പാടില്ല. രാജ്യവും മേഖലയും കടുത്ത ചൂടിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ, പകൽ സമയത്തെ ജോലി സൂര്യാതപം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങൾക്ക് വഴിവെക്കും എന്നതിനാലാണ് ഈ നടപടി.

Advertising
Advertising

എല്ലാ വർഷവും വേനൽക്കാലത്ത് തൊഴിൽ മന്ത്രാലയം ഈ നിയമം നടപ്പിലാക്കുകയും, നിർമ്മാണ മേഖലകളിലടക്കം ഇത് പാലിക്കപ്പെടുന്നുണ്ടോ എന്ന് കർശനമായി നിരീക്ഷിക്കുകയും ചെയ്യാറുണ്ട്. ഉച്ചവിശ്രമ നിയമം പ്രാബല്യത്തിൽ വരുന്നതോടെ, കമ്പനികൾ വ്യവസ്ഥകൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാൻ എല്ലാ തൊഴിലിടങ്ങളിലും, പ്രത്യേകിച്ച് നിർമ്മാണ മേഖലകളിൽ, മന്ത്രാലയത്തിന്റെ കർശന പരിശോധനകൾ ആരംഭിക്കും.

നിയമം ലംഘിക്കുന്നവർക്കെതിരെ അടച്ചുപൂട്ടൽ, ലൈസൻസ് റദ്ദാക്കൽ ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കും. നിലവിൽ രാജ്യത്ത് പലയിടങ്ങളിലും താപനില 45 ഡിഗ്രി സെൽഷ്യസിൽ എത്തിയിട്ടുണ്ട്. വരും ദിവസങ്ങളിലും താപനില ഉയരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തൽ. സാധാരണഗതിയിൽ, ഉച്ചസമയത്തെ ഈ തൊഴിൽ നിയന്ത്രണം മൂന്ന് മാസത്തിലേറെ നീണ്ടുനിൽക്കാറുണ്ട്.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News