ഖത്തറിൽ പുതിയ വിദ്യാഭ്യാസ കലണ്ടർ; അർധവാർഷിക അവധി ഡിസംബർ അവസാന വാരത്തിൽ തുടങ്ങും

ഇന്ത്യൻ സ്കൂളുകൾക്കും ബാധകം

Update: 2025-07-09 14:07 GMT
Editor : Thameem CP | By : Web Desk

ദോഹ: ഖത്തറിൽ പുതിയ വിദ്യാഭ്യാസ കലണ്ടറിന് വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അംഗീകാരം നൽകി. അർധ വാർഷിക അവധി ഡിസംബർ അവസാന വാരം തുടങ്ങുന്ന രീതിയിൽ ക്രമീകരിച്ചു. റമദാനിൽ രണ്ട് ദിവസം അധിക അവധിയും നൽകും. ഇന്ത്യൻ സ്‌കൂളുകൾ ഉൾപ്പെടെ രാജ്യത്തെ എല്ലാ സ്‌കൂളുകൾക്കും കലണ്ടർ ബാധകമാണ്.

ഖത്തർ ശൂറ കൗൺസിൽ നിർദേശങ്ങൾ കൂടി ഉൾക്കൊണ്ടുകൊണ്ടാണ് സർക്കാർ, സ്വകാര്യ സ്‌കൂളുകളിലെ അവധികൾ ക്രമീകരിച്ചുകൊണ്ട് പുതിയ വിദ്യാഭ്യാസ കലണ്ടർ തയ്യാറാക്കിയത്. രാജ്യത്ത് താമസിക്കുന്ന വിവിധ സമൂഹങ്ങളുടെ സാംസ്‌കാരിക ആഘോഷങ്ങൾ കൂടി കണക്കിലെടുത്താണ് തീരുമാനം. 2028 വരെയുള്ള അധ്യയന വർഷങ്ങളിൽ പുതിയ കലണ്ടർ പ്രകാരമാകും അവധികളും പരീക്ഷകളും ക്രമീകരിക്കുക. അർധ വാർഷിക അവധി, അതവാ ശൈത്യകാല അവധി ഇനി മുതൽ ഡിസംബർ അവസാന വാരത്തിലാണ് തുടങ്ങുക. നേരത്തെ ഇത് നാഷണൽഡേ ആയ ഡിസംബർ 18ന് മുമ്പ് തുടങ്ങുന്ന രീതിയിൽ ആയിരുന്നു.

റമദാനിൽ പൊതു അവധികൾക്ക് പുറമെ രണ്ട് ദിവസത്തെ അധിക അവധി നൽകും. റമദാനിൽ മിഡ് ടേം പരീക്ഷകൾ നടക്കില്ല, സർക്കാർ സ്‌കൂളുകളിൽ രണ്ടാം സെമസ്റ്റർ പരീക്ഷകൾക്കിടയിൽ വിശ്രമ ദിനം അനുവദിക്കും. ഫസ്റ്റ് സെമസ്റ്റർ പരീക്ഷകൾ ദേശീയ ദിനത്തിന് മുമ്പ് തീർക്കണമെന്നും നിർദേശമുണ്ട്. സ്‌കൂൾ അവധികൾ ഏകീകകരിക്കുന്നതിനൊപ്പം വിദ്യാർഥികളുടെ അക്കാദമിക മികവ്, മാനസികാരോഗ്യം, സാംസ്‌കാരിക മൂല്യങ്ങൾ എന്നിവ കൂടി ഉൾക്കൊണ്ടുകൊണ്ടാണ് വിദ്യാഭ്യാസ കലണ്ടർ തയ്യാറാക്കിയിരിക്കുന്നത്.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News