ലുസൈൽ ബൊളിവാർഡിലെ പുതുവത്സരാഘോഷം, പ്രവേശനം കുടുംബങ്ങൾക്ക് മാത്രം
ഡിസംബർ 31ന് വൈകിട്ട് ആറു മുതൽ പുലർച്ചെ രണ്ടു വരെയാണ് ആഘോഷം
ദോഹ: പുതുവത്സരത്തോടനുബന്ധിച്ച് ഖത്തറിലെ ലുസൈൽ ബൊളിവാർഡിൽ നടക്കുന്ന ആഘോഷങ്ങളിലേക്ക് പ്രവേശനം കുടുംബങ്ങൾക്ക് മാത്രം. അന്നേ ദിവസത്തെ പാർക്കിങ് പദ്ധതികൾ ലുസൈൽ സിറ്റി അധികൃതർ പുറത്തിറക്കി. മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. ഡിസംബർ 31ന് വൈകിട്ട് ആറു മുതൽ പുലർച്ചെ രണ്ടു വരെയാണ് ആഘോഷം. വെടിക്കെട്ടും തത്സമയ സംഗീതനിശയും ആഘോഷങ്ങളുടെ ഭാഗമായി അരങ്ങേറും.
തിരക്ക് കുറയ്ക്കാൻ സന്ദർശകർ നിർദിഷ്ട റൂട്ടുകളും പാർക്കിങ് ഏരിയകളും ഉപയോഗിക്കണം. അനധികൃത പാർക്കിങ്ങുകൾ നിയമലംഘനമായി കണക്കാക്കുമെന്നും അധികൃതർ മുന്നറിയിപ്പു നൽകി. അൽ ഖോർ കോസ്റ്റൽ റോഡ് അല്ലെങ്കിൽ ലുസൈൽ എക്സ്പ്രസ് വേ വഴി ദോഹയിൽ നിന്ന് വരുന്ന സന്ദർശകർ അൽ വാദി പാർക്കിങ് ഏരിയയിലാണ് വാഹനം നിർത്തിയിടേണ്ടത്.
വെസ്റ്റ് ദോഹയിൽ നിന്നു വരുന്നവർ അൽ ഖറായെജ് പാർക്കിങ് ഉപയോഗപ്പെടുത്തണം. എല്ലാ പൊതുപാർക്കിങ് സ്ഥലങ്ങളിൽ നിന്നും ബൊളിവാർഡിലേക്ക് ഷട്ടിൽ ബസ്സുകൾ സർവീസ് നടത്തും. ടാക്സി സേവനവും ലഭ്യമായിരിക്കും. ലുസൈൻ ക്യുഎൻബി മെട്രോ വഴിയും ആഘോഷസ്ഥലത്തെത്താം. ബൊളിവാർഡിലെ ഐക്കണിക് ടവറുകളിൽ നടക്കുന്ന ത്രീഡി മാപ്പിങ്ങും ലേസർ ഷോയുമാണ് ആഘോഷത്തിലെ പ്രധാന ആകർഷണം.