ഇനി ആകാശത്തും ഇൻ്റർനെറ്റ് ഉപയോഗിക്കാം; സൌജന്യ സംവിധാനവുമായി ഖത്തര്‍ എയര്‍വേസ്

Update: 2023-10-16 02:31 GMT
Advertising

വിമാനയാത്രക്കാര്‍ക്ക് സൌജന്യ ഇന്റര്‍നെറ്റ് സംവിധാനവുമായി ഖത്തര്‍ എയര്‍വേസ്. ഇതിനായി എലോണ്‍ മസ്കിന്റെ സ്റ്റാര്‍ലിങ്കുമായി കരാറില്‍ ഒപ്പുവച്ചു, തെരഞ്ഞെടുക്കപ്പെട്ട ഏതാനും റൂട്ടുകളിലാണ് ആദ്യഘട്ടത്തില്‍ സേവനം ലഭ്യമാകുക.

യാത്രക്കാര്‍ക്ക് മികച്ച യാത്രാനുഭവം സമ്മാനിക്കുന്നതിന്റെ ഭാഗമായാണ് സ്റ്റാര്‍ ലിങ്കുമായുള്ള കരാര്‍. സൗജന്യ ഇന്റർനെറ്റ് സേവനം സജീവമാകുന്നതോടെ ആകാശ സഞ്ചാരത്തിനിടെ യാത്രക്കാർക്ക് സെകൻഡിൽ 350 മെഗാബൈറ്റ് വരെ അതിവേഗ വൈഫൈ സ്പീഡ് ആസ്വദിക്കാനാകും.

വിനോദ, വിജ്ഞാന പരിപാടികൾ ആസ്വദിക്കാനും ഇഷ്ട കായിക മത്സരങ്ങളുടെ വീഡിയോ കാണുന്നതിനും തത്സമയ സംപ്രേഷണം, ഗെയിമിംഗ് തുടങ്ങിയ സേവനങ്ങൾക്കും ഡാറ്റ ഉപയോഗപ്പെടുത്താം.

ലോകത്തിലെ ഏറ്റവും മികച്ച യാത്രാവിമാനമെന്ന നിലയിൽ മികച്ച അനുഭവം വാഗ്ദാനം ചെയ്യാൻ ഖത്തർ എയർവേയ്‌സ് പ്രതിജ്ഞാബദ്ധമാണെന്ന് പ്രഖ്യാപനം നടത്തികൊണ്ട് ഗ്രൂപ്പ് സി.ഇ.ഒ അക്ബർ അൽബാകിർ പറഞ്ഞു.

സ്‍പേസ് എക്സിനു കീഴിലുള്ള സ്റ്റാർ ലിങ്കിന്റെ ഇന്റർനെറ്റ് സേവനം ഉപയോഗപ്പെടുത്തുന്ന അഞ്ചാമത്തെ എയർലൈൻ കമ്പനിയായി മാറുകയാണ് ഖത്തർ എയര്‍ വേസ്. 

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News