തുറക്കുന്നു കാഴ്ചയുടെ പുതിയ വാതിൽ; ദോഹ ഫിലിം ഫെസ്റ്റിവൽ ഷെഡ്യൂൾ പുറത്തിറക്കി
ഫെസ്റ്റിവൽ നവംബർ 20 മുതൽ 28 വരെ നടക്കും
ദോഹ: ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ചലചിത്ര മേള ദോഹ ഫിലിം ഫെസ്റ്റിവലിന്റെ സമ്പൂർണ ഷെഡ്യൂൾ പുറത്തിറക്കി. മേളയുടെ ആദ്യ പതിപ്പാണ് ഇത്തവണത്തേത്. നവംബർ ഇരുപത് മുതൽ ഇരുപത്തിയെട്ടു വരെ നടക്കുന്ന ഫെസ്റ്റിവലിൽ 62 രാഷ്ട്രങ്ങളിൽ നിന്നുള്ള 97 ചിത്രങ്ങൾ പ്രദർശിപ്പിക്കും.
മത്സരവിഭാഗത്തിൽ വിജയിക്കുന്ന ചിത്രങ്ങൾക്കായി ആകെ മൂന്നു ലക്ഷം യുഎസ് ഡോളറിന്റെ സമ്മാനത്തുകയും പ്രഖ്യാപിച്ചു. ഫീച്ചർ ഫിലിം, ഷോർട് ഫിലിം തുടങ്ങി നാലു വിഭാഗങ്ങളിലാണ് മത്സരം നടക്കുക.
ടുനീഷ്യൻ സംവിധായിക കൗസർ ബിൻ ഹാനിയയുടെ 'ദ വോയ്സ് ഓഫ് ഹിന്ദ് റജബ്' ആണ് ഉദ്ഘാടന ചിത്രം. മധ്യേഷ്യയിൽ നിന്നും വടക്കൻ ആഫ്രിക്കയിൽ നിന്നുമാണ് കൂടുതൽ സിനിമകളുള്ളത്. ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചരിത്രത്തിലെ നാഴികക്കല്ലാകും മേളയെന്ന് ഫെസ്റ്റിവൽ ഡയറക്ടർ ഫാതിമ ഹസൻ അൽ റമൈഹി പറഞ്ഞു.
വരും വർഷങ്ങളിൽ ഇന്ത്യയിൽ നിന്നടക്കമുള്ള ചിത്രങ്ങളുണ്ടാകുമെന്നും അവർ വ്യക്തമാക്കി. സ്റ്റീവൻ സോഡർബെർഗ്, റാമി യൂസഫ്, ജാസിം അൽ നബ്ഹാൻ, ഹാസൽ കയ തുടങ്ങി വിഖ്യാതരായ കലകാരന്മാർ ഫെസ്റ്റിവലിനെത്തും.
മേളയുടെ ഭാഗമായി മ്യൂസിക് ഫെസ്റ്റിവലും സംവാദവും അരങ്ങേറും. കതാറ കൾച്ചറൽ വില്ലേജ് അടക്കം ദോഹയിലെ വിവിധ സ്ഥലങ്ങളിലാകും ഫെസ്റ്റിവൽ വേദികൾ