ഫലസ്തീനികളെ സ്വന്തം മണ്ണിൽ നിന്ന് പുറത്താക്കാനാകില്ല: ഖത്തർ

ഗസ്സയിലേക്ക് മാനുഷിക സഹായം ഉറപ്പാക്കണമെന്നും ഖത്തർ

Update: 2025-09-06 15:35 GMT

ദോഹ: ഗസ്സയിൽ നിന്ന് ഫലസ്തീനികളെ പുറന്തള്ളണമെന്ന ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ പ്രസ്താവനയെ ശക്തമായി അപലപിച്ച് ഖത്തർ. സ്വന്തം മണ്ണിനു മേൽ ഫലസ്തീനികൾക്കുള്ള അവകാശത്തെ ഇല്ലാതാക്കാൻ കഴിയില്ലെന്ന് ഖത്തർ വ്യക്തമാക്കി. ഗസ്സയിലേക്ക് മാനുഷിക സഹായം ഉറപ്പാക്കണമെന്നും രാജ്യം ആവശ്യപ്പെട്ടു.

ഗസ്സ മുനമ്പിൽ സമ്പൂർണ അധിനിവേശം നടപ്പാക്കാനുള്ള ഇസ്രായേൽ സേനയുടെ ശ്രമം അങ്ങേയറ്റം അപകടകരമാണെന്ന് ഖത്തർ വിദേശകാര്യമന്ത്രാലം ചൂണ്ടിക്കാട്ടി. നിലവിൽ പ്രദേശത്തെ മാനുഷിക ദുരന്തത്തിന്റെ ആഴം കൂട്ടാനേ അതുപകരിക്കൂ. ശാശ്വത സമാധാനം ലക്ഷ്യമിട്ട് നടക്കുന്ന യത്‌നങ്ങളെ അതില്ലാതാക്കുകയും ചെയ്യും. ഫലസ്തീൻ ജനതയുടെ അവകാശങ്ങൾ ലംഘിക്കുന്ന ഇസ്രയേൽ നയങ്ങളുടെ തുടർച്ചയാണ് ഇസ്രായേൽ പ്രധാനമന്ത്രിയുടെ പ്രസ്താവന. ഇത് അന്താരാഷ്ട്ര നിയമങ്ങളോടും ഉടമ്പടികളോടുമുള്ള ലംഘനമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

Advertising
Advertising

വിശപ്പിനെ യുദ്ധായുധമായി ഉപയോഗിച്ച്, സാധാരണക്കാരെ പട്ടിണിക്കിടുന്ന സമീപനമാണ് ഇസ്രായേലിന്റേത്. സുരക്ഷിതവും സുസ്ഥിരവുമായ മാർഗത്തിലൂടെ ഗസ്സയിലേക്ക് മാനുഷിക സഹായമെത്തിക്കാൻ അന്താരാഷ്ട്ര സമ്മർദ്ദമുണ്ടാകണമെന്നും മന്ത്രാലയം അഭ്യർഥിച്ചു.

ദ്വിരാഷ്ട്ര പദ്ധതി മാത്രമാണ് ഇസ്രായേൽ - ഫലസ്തീൻ പ്രശ്‌നത്തിലെ ശാശ്വത സമാധാനത്തിനുള്ള ഏക പോംവഴി. 1967ലെ അതിർത്തികൾക്കനുസരിച്ച് കിഴക്കൻ ജറുസലേം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രൂപവൽക്കരിക്കപ്പെടണം. ഇക്കാര്യത്തിൽ ഖത്തറിന്റെ പിന്തുണ അചഞ്ചലമാണെന്നും വിദേശകാര്യമന്ത്രാലയം ആവർത്തിച്ചു.

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News