ഡിജിറ്റൽ പാസ്‌പോർട്ട് വഴി വാക്‌സിനേഷൻ രേഖ സൂക്ഷിക്കാൻ സംവിധാനവുമായി ഖത്തർ എയർവേസ്

പദ്ധതിയുടെ ആദ്യഘട്ടം സ്വന്തം ജീവനക്കാരിലൂടെ ഈ മാസം മുതൽതന്നെ നടപ്പാക്കിത്തുടങ്ങുമെന്ന് ഖത്തർ എയർവേസ് അറിയിച്ചു

Update: 2021-07-03 18:53 GMT
Editor : Shaheer | By : Web Desk
Advertising

ഡിജിറ്റൽ പാസ്‌പോർട്ട് സേവനംവഴി യാത്രക്കാരന് കോവിഡ് വാക്‌സിനേഷൻ രേഖ സൂക്ഷിക്കാൻ കഴിയുന്ന സംവിധാനവുമായി ഖത്തർ എയർവേസ്. പദ്ധതിയുടെ ആദ്യഘട്ടം സ്വന്തം ജീവനക്കാരിലൂടെ ഈ മാസം മുതൽതന്നെ നടപ്പാക്കിത്തുടങ്ങുമെന്ന് ഖത്തർ എയർവേസ് അറിയിച്ചു.

കോവിഡ്കാല പ്രതിസന്ധികളെ ഡിജിറ്റൽ സാങ്കേതികവിദ്യയിലൂടെ മറികടക്കുന്നതിൽ പുതിയ ചുവടുവെപ്പുമായാണ് ഖത്തർ എയർവേസ് രംഗത്തെത്തിയിരിക്കുന്നത്. കോവിഡ് മുൻകരുതലുകൾ പാലിച്ച് സുരക്ഷിതയാത്രക്കായി രാജ്യാന്തര എയർ ട്രാൻസ്‌പോർട്ട് അസോസിയേഷൻ (അയാട്ട) പുറത്തിറക്കിയ ഡിജിറ്റൽ പാസ്‌പോർട്ട് സേവനംവഴി കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് സൂക്ഷിക്കുന്ന സംവിധാനമാണ് ഒരുക്കുന്നത്. ലോകത്ത് ആദ്യമായാണ് ഒരു എയർലൈൻസ് യാത്രക്കാരൻ വാക്‌സിൻ സ്വീകരിച്ചു എന്ന് ഉറപ്പുവരുത്താൻ 'ഡിജിറ്റൽ രേഖാ' സംവിധാനം ഒരുക്കുന്നത്.

പുതിയ പദ്ധതിയുടെ ആദ്യഘട്ടം സ്വന്തം ക്യാബിൻക്രൂവിലൂടെ വരുംദിവസങ്ങളിൽ നടപ്പാക്കും. കുവൈത്ത്, ലണ്ടൻ, ലോസ്ആഞ്ചലസ്, ന്യൂയോർക്ക്, പാരിസ്, സിഡ്‌നി എന്നിവടങ്ങളിൽനിന്ന് ദോഹയിലേക്കുവരുന്ന ഖത്തർ എയർവേസ് കാബിൻക്രൂ അംഗങ്ങൾക്ക് കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റും, കോവിഡ് പരിശോധനാഫലവും 'ഡിജിറ്റൽ പാസ്‌പോർട്ടിൽ' അപ്‌ലോഡ് ചെയ്ത് സൂക്ഷിക്കാനാവും. ദോഹയിലെത്തിയ ശേഷം വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗത്തിൽ മൊബൈൽ ആപ്പിലെ ഈ രേഖകൾ കാണിച്ചാൽ മതിയാവും.

സ്വന്തം ജീവനക്കാരിൽ നടത്തുന്ന പരീക്ഷണം വിജയകരമായാൽ യാത്രക്കാർക്കും ഈ സൗകര്യമൊരുക്കും. പേപ്പറുകളുടെ ഉപയോഗം കുറക്കുക, കോവിഡ് കാലത്ത് പരസ്പരം ഇടപഴകാനുള്ള സാഹചര്യം ഒഴിവാകുക, യാത്ര എളുപ്പമാക്കുക എന്നിവയാണ് ഇതുവഴിയുള്ള നേട്ടങ്ങൾ.

അയാട്ട ട്രാവൽ പാസ് ഡിജിറ്റൽ പാസ്‌പോർട്ട് വഴി വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് സംവിധാനമൊരുക്കുന്നതിൽ അഭിമാനമുണ്ടെന്ന് ഖത്തർ എയർവേസ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് അക്ബർ അൽ ബകർ പറഞ്ഞു.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News