വ്യോമപാത അടച്ച സമയത്ത് 90 വിമാനങ്ങൾ വഴി തിരിച്ചുവിട്ടതായി ഖത്തർ എയർവേസ്
ഇരുപതിനായിരത്തിലേറെ യാത്രക്കാരെ 24 മണിക്കൂർ കൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്തിച്ചെന്നും ഖത്തർ എയർവേസ്
ദോഹ: ഖത്തറിന്റെ വ്യോമപാത അടച്ച സമയത്ത് 90 വിമാനങ്ങൾ വഴി തിരിച്ചുവിട്ടതായി ഖത്തർ എയർവേസ്. ഈ വിമാനങ്ങളിൽ ഉണ്ടായിരുന്ന ഇരുപതിനായിരത്തിലേറെ യാത്രക്കാരെ 24 മണിക്കൂർ കൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്തിച്ചെന്നും ഖത്തർ എയർവേസ് അറിയിച്ചു. തുറന്ന കത്തിലൂടെയാണ് വ്യോമപാത അടച്ച സമയത്തെ വിശദാംശങ്ങൾ ഖത്തർ എയർവേസ് യാത്രക്കാരോട് പങ്കുവച്ചത്.
ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നായി ദോഹയിലേക്ക് പുറപ്പെട്ട 90 വിമാനങ്ങൾ വഴിതിരിച്ചുവിടേണ്ടി വന്നു. ജിസിസി രാജ്യങ്ങൾക്ക് പുറമെ തുർക്കി, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലേക്കും വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. 90 വിമാനങ്ങളിലായി 20000ത്തിലേറെ യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇവരെ 24 മണിക്കൂറിനുള്ളിൽ ലക്ഷ്യ സ്ഥാനത്ത് എത്തിച്ചു. ഇതിനായി 390 വിമാനങ്ങളും പ്രവർത്തന സജ്ജമാക്കിയെന്നും ഖത്തർ എയർവേസ് വ്യക്തമാക്കി.
വ്യോമപാത അടയ്ക്കുന്ന സമയത്ത് പതിനായിരത്തിലേറെ യാത്രക്കാരാണ് ട്രാൻസിറ്റിനായി ഹമദ് വിമാനത്താവളത്തിൽ ഉണ്ടായിരുന്നത്. ഇതിൽ മുൻഗണന അനുസരിച്ച് 4600 യാത്രക്കാർക്ക് താമസ സൗകര്യം ഒരുക്കി. സങ്കീർണമായ സാഹചര്യത്തെ യാത്രക്കാർ പക്വതയോടെ നേരിട്ടെന്നും യാത്രക്കാർക്ക് നന്ദി അറിയിക്കുന്നതായും ഖത്തർ എയർവേസ് സിഇഒ ബദർ മുഹമ്മദ് അൽമീർ തുറന്ന കത്തിൽ വ്യക്തമാക്കി.