2025 ലെ എയർഹെൽപ്പ് സ്‌കോർ: ആഗോളതലത്തിൽ ഖത്തർ എയർവേയ്‌സ് ഒന്നാമത്
രണ്ടാം സ്ഥാനം ഇത്തിഹാദ് എയർവേയ്‌സിന്, ഒമാൻ എയർ ഏഴാമത്
ദോഹ/ദുബൈ: 2025 ലെ എയർഹെൽപ്പ് സ്‌കോറിൽ ആഗോളതലത്തിൽ ഖത്തർ എയർവേയ്‌സ് ഒന്നാമത്. 10 ൽ 8.16 ഓവറോൾ സ്‌കോറോടെയാണ് നേട്ടം. കഴിഞ്ഞ വർഷം 8.11 സ്‌കോറോടെ രണ്ടാമതായിരുന്നു എയർലൈൻ.
ആഗോളതലത്തിൽ രണ്ടാം സ്ഥാനം നേടിയത് ഇത്തിഹാദ് എയർവേയ്‌സാണ്. 10 ൽ 8.07 ആണ് ഓവറോൾ സ്‌കോർ. ഒരു വർഷത്തിനിടെ ഒമ്പത് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് ഇത്തിഹാദ് രണ്ടാമതെത്തിയത്. ഒമാൻ എയർ ഏഴാമതെത്തി. 10 ൽ 7.82 ആണ് ഓവറോൾ സ്‌കോർ. കഴിഞ്ഞ വർഷം 7.22 സ്‌കോറുമായി 19ാമതായിരുന്നു എയർലൈൻ.
2024 ഒക്ടോബർ ഒന്ന് മുതൽ 2025 സെപ്റ്റംബർ 30 വരെയുള്ള ഫ്ളൈറ്റ് ഡാറ്റയും 60-ലധികം രാജ്യങ്ങളിലായുള്ള 11,500-ലധികം യാത്രക്കാരിൽ നിന്നുള്ള സർവേയും അടിസ്ഥാനമാക്കിയാണ് 2025 ലെ ഫലങ്ങൾ.
ലോകത്തിലെ ഏറ്റവും സമഗ്രവും വിശ്വസനീയവുമായ എയർലൈൻ റാങ്കിംഗുകളിൽ ഒന്നായി അംഗീകരിക്കപ്പെടുന്നതാണ് എയർഹെൽപ്പ് സ്‌കോർ. മൂന്ന് പ്രധാന കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഇതിൽ കാരിയറുകളെ വിലയിരുത്തുന്നത്. ഓൺ ടൈം പെർഫോമൻസ്, ഉപഭോക്തൃ അഭിപ്രായം, ക്ലെയിം പ്രോസസ്സിംഗ് എന്നിവയാണത്.
എയർഹെൽപ്പ് സ്‌കോറിന്റെ ഉപഭോക്തൃ അഭിപ്രായ റേറ്റിംഗിൽ ക്യാബിൻ ക്രൂ, സുഖസൗകര്യങ്ങൾ, ശുചിത്വം, ഭക്ഷണം, വിനോദം എന്നിവയാണ് ഉൾക്കൊള്ളുന്നത്.
ക്ലെയിം-പ്രോസസ്സിംഗ് സ്‌കോർ വിമാനങ്ങൾ തടസ്സപ്പെടുമ്പോൾ വിമാനക്കമ്പനികൾ യാത്രക്കാരുടെ നഷ്ടപരിഹാരം എത്രത്തോളം ന്യായമായും കാര്യക്ഷമമായും കൈകാര്യം ചെയ്യുന്നുവെന്ന് അളക്കുന്നു.