ഫിഫ അറബ് കപ്പിന്റെ ആവരങ്ങളിലേക്ക് ഖത്തർ; ഏഴു ലക്ഷത്തിലേറെ ടിക്കറ്റുകൾ വിറ്റഴിഞ്ഞു

അറബ് കപ്പിന് കിക്കോഫ് തിങ്കളാഴ്ച

Update: 2025-11-29 19:39 GMT
Editor : Mufeeda | By : Web Desk

ദോഹ: ഫിഫ അറബ് കപ്പിന് ഖത്തർ സമ്പൂർണ സജ്ജമെന്ന് സംഘാടകസമിതി. ടൂർണമെന്റിന്റെ ഏഴു ലക്ഷത്തിലേറെ ടിക്കറ്റുകൾ വിറ്റഴിഞ്ഞെന്നും ദോഹയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സമിതി വ്യക്തമാക്കി. തിങ്കളാഴ്ചയാണ് അറബ് കപ്പിന് കിക്കോഫ്.

ലോകത്തുടനീളമുള്ള ഫുട്ബോൾ ആരാധകരെ അറബ് കപ്പിലേക്ക് ക്ഷണിക്കുന്നതായി പ്രാദേശിക സംഘാടക സമിതി സിഇഒ ജാസിം അൽ ജാസിം പറഞ്ഞു. മികച്ച പ്രതികരണമാണ് ടിക്കറ്റ് വില്പനയിൽ ഇതുവരെ രേഖപ്പെടുത്തിയത്. വിറ്റഴിഞ്ഞ ഏഴു ലക്ഷം ടിക്കറ്റുകളിൽ രണ്ടു ലക്ഷത്തിലേറെ ടിക്കറ്റുകൾ വാങ്ങിയത് ഖത്തറിന് പുറത്തു നിന്നാണെന്നും അദ്ദേഹം പറഞ്ഞു. ജോർദാൻ ആരാധകരാണ് ടിക്കറ്റു വാങ്ങിയവരിൽ മുമ്പിൽ. തൊട്ടുപിന്നിൽ സൗദി അറേബ്യയും. മത്സരത്തിന്റെ ടിക്കറ്റ് ഉടമകൾക്ക് ദോഹ മെട്രോയിൽ സൗജന്യ യാത്ര പ്രഖ്യാപിച്ചിട്ടുണ്ട്.

Advertising
Advertising

ഇന്ത്യക്കാരടക്കമുള്ള പ്രവാസി ആരാധക സമൂഹത്തെ ടൂർണമെന്റിലേക്ക് സ്വാഗതം ചെയ്യുന്നതായി ഫിഫ യൂത്ത് ടൂർണമെന്റ്സ് മേധാവി റോബർട്ടോ ഗ്രാസി പറഞ്ഞു. ടൂർണമെന്റ് മുൻനിർത്തി ജിസിസി ഹയ്യ റസഡൻസ് വിസയിൽ അധികൃതർ പരിഷ്കാരങ്ങൾ വരുത്തിയിട്ടുണ്ട്. നവംബർ മുപ്പതു മുതൽ ജിസിസി നിവാസികൾക്ക് ഹയ്യ വിസയ്ക്ക് കീഴിൽ രണ്ടു മാസം വരെ ഖത്തറിൽ തങ്ങാം. രാജ്യത്തെ സാംസ്കാരിക-കായിക പരിപാടികൾക്ക് തീരുമാനം കരുത്തുപകരുമെന്ന് ഹയ്യ ഡയറക്ടർ സഈദ് അൽ കുവാരി ചൂണ്ടിക്കാട്ടി.

ഡിസംബർ ഒന്നു മുതൽ പതിനെട്ടു വരെയാണ് അറബ് കപ്പ് അരങ്ങേറുക. അൽ ബയ്ത് സ്റ്റേഡിയത്തിൽ വൈകിട്ട് അഞ്ചരയ്ക്ക് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തർ ഫലസ്തീനെ നേരിടും. 

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News