കാലാവസ്ഥാ വ്യതിയാനം നേരിടാൻ കർമ്മപദ്ധതിയുമായി ഖത്തർ

2030 ഓടെ ഹരിതഗൃഹവാതക ബഹിർഗമനം 25 ശതമാനം കുറയ്ക്കുകയെന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം

Update: 2021-10-28 16:14 GMT
Advertising

കാലാവസ്ഥാ വ്യതിയാനം നേരിടാൻ പുതിയ കർമ്മപദ്ധതി ആവിഷ്‌കരിച്ച് ഖത്തർ. ഖത്തർ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയമാണ് ദേശീയ കാലാവസ്ഥാ വ്യതിയാന പ്രതിരോധ കർമ്മപദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. 2030 ഓടെ ഹരിതഗൃഹവാതക ബഹിർഗമനം 25 ശതമാനം കുറയ്ക്കുകയെന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ദ്രവീകൃത പ്രകൃതി വാതക സംവിധാനങ്ങളുടെ കാർബൺ തീവ്രത 25 ശതമാനം കുറയ്ക്കുന്നതിനും പദ്ധതി വിഭാവനം ചെയ്യുന്നു.

ലോകത്തിലെ ഏറ്റവും വലിയ എൽഎൻജി നിർമാതാക്കൾ കൂടിയായ ഖത്തർ 2027 ഓടെ ഉൽപ്പാദനം ഗണ്യമായി കൂട്ടാൻ തീരുമാനിച്ചിരുന്നു. റിയാദിൽ ചേർന്ന പശ്ചിമേഷ്യൻ പരിസ്ഥിതി ഉച്ചകോടിയിലെ തീരുമാനങ്ങൾക്കനുസൃതമായാണ് ഖത്തറിന്റെ പുതിയ പ്രഖ്യാപനം. എണ്ണ, കൽക്കരി തുടങ്ങി മലിനീകരണ തോത് കുടുതലുള്ള ഇന്ധനങ്ങളിൽ നിന്ന് പുനരുപയോഗിക്കാവുന്ന ഊർജങ്ങളിലേക്ക് മാറുകയെന്നതാണ് ആഗോളം താപനം കുറയ്ക്കുന്നതിനുള്ള പ്രധാന മാർഗമായി വിലയിരുത്തപ്പെടുന്നത്. 2060 ഓടെ കാർബൺ ബഹിർഗമനം പൂർണമായും ഇല്ലാതാക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയുള്ള പദ്ധതികളാണ് സൗദി അറേബ്യ പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്തയാഴ്ച്ച ഗ്ലാസ്‌ഗോയിൽ നടക്കുന്ന സുപ്രധാന സിഒപി26 കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയിൽ അറബ് മേഖലയുടെ തീരുമാനങ്ങൾ നിർണായകമാകും.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News