ചരിത്രമെഴുതി ഖത്തർ; യുഎഇയെ തോൽപ്പിച്ച് ലോകകപ്പിന് യോഗ്യത നേടി
യുഎഇയെ ഒന്നിനെതിരെ രണ്ടു ഗോളിന് തോൽപ്പിച്ചാണ് മുന്നേറ്റം
ദോഹ: 2026 ലോകകപ്പിന് യോഗ്യത നേടി ഖത്തർ. ഇന്നലെ നടന്ന ഏഷ്യൻ ലോകകപ്പ് യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തിൽ യുഎഇയെ ഒന്നിനെതിരെ രണ്ടു ഗോളിന് തോൽപ്പിച്ചാണ് ടീം യോഗ്യത നേടിയത്.
ഖത്തറിനായി ബൗലം ഖൂഖി, പെഡ്രോ മിഗ്വൽ എന്നിവർ ഗോൾ നേടി. 49 -ാം മിനിറ്റിൽ ബൗലം ഖൂഖിയാണ് ആദ്യ ഗോൾ കണ്ടെത്തിയത്. 74-ാം മിനിറ്റിൽ പെഡ്രോയാണ് രണ്ടാം ഗോൾ നേടി. സുൽത്താൻ അദ്‌ലാണ് യുഎഇയുടെ ആശ്വാസ ഗോൾ നേടിയത്. 88ാം മിനിറ്റിൽ ഖത്തർ താരം താരിഖ് സൽമാന് ചുവപ്പുകാർഡ് കണ്ടു. യുഎഇ മധ്യനിര താരം എറികിനെ ഫൗൾ ചെയ്തതിനാണ് കാർഡ്.
സമനില നേടിയാൽ പോലും യുഎഇക്ക് ലോകകപ്പ് യോഗ്യത നേടാമായിരുന്നു. പക്ഷേ ഖത്തറിന് വിജയത്തിൽ കുറഞ്ഞതൊന്നും മതിയാകുമായിരുന്നില്ല. ഇതോടെ ദോഹയിലെ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിലെ മത്സരത്തിൽ അന്നാബികൾ ആർത്തിരമ്പി കളിച്ചു. 2026ൽ യുഎസ്, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്.