Writer - razinabdulazeez
razinab@321
ദോഹ: പരിസ്ഥിതി സംതുലിതാവസ്ഥ തെറ്റിക്കുന്ന മൈനകളെ പിടികൂടുന്നത് ഊര്‍ജിതമാക്കി ഖത്തര്‍ പരിസ്ഥിതി കാലാവസ്ഥാ മന്ത്രാലയം. ഇതിനോടകം 36,000 മൈനകളെ പിടികൂടി കൂട്ടിലടച്ചതായി മന്ത്രാലയം അറിയിച്ചു.
പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുന്ന അധിനിവേശക്കാരായ മൈനകളെ പിടികൂടാന്‍ 2022 നവംബറിലാണ് ഖത്തര്‍ പരിസ്ഥിതി മന്ത്രാലയം പദ്ധതി തയ്യാറാക്കിയത്. രണ്ടര വര്‍ഷം കൊണ്ട് 35,838 മൈനകളെ പിടികൂടി. പാര്‍ക്കുകളിലും റോഡരികിലുമെല്ലാം കെണികള്‍ വെച്ചാണ് മൈനപിടിത്തം. 35 ഇടങ്ങളിലായി 611 കൂടുകളാണ് വെച്ചിരിക്കുന്നത്. ഇവയെ പിന്നീട് വലിയ കൂടുകളിലേക്ക് മാറ്റും. മൈനകളുടെ വംശവര്‍ധന തടയാനാണ് ഈ ശാസ്ത്രീയ മാര്‍ഗം സ്വീകരിക്കുന്നത്. ഈ വര്‍ഷം ആറ് മാസം കൊണ്ട് 9416 മൈനകള്‍ കൂട്ടിലായിട്ടുണ്ട്. പരിസ്ഥിതി, ജൈവവൈവിധ്യങ്ങൾക്ക് ഭീഷണിയായ പക്ഷിയായാണ് മൈനയെ കണക്കാക്കുന്നത്. ഇന്ത്യ ഉൾപ്പെടെ ഏഷ്യൻ രാജ്യങ്ങളിൽ നിന്നും പറന്നെത്തി കുടിയേറുന്ന ഇവ, തിരിച്ചു പോകാതെ ഇവിടെ പെരുകുന്നു. മറ്റു പക്ഷികളെ ആക്രമിക്കുകയും ആവാസവ്യവസ്ഥയെ ബാധിക്കുകയും ചെയ്യുന്നതിനാലാണ് മൈനകളുടെ എണ്ണം നിയന്ത്രിക്കാന്‍ തീരുമാനിച്ചത്.