ഖത്തർ - സൗദി റെയിൽ; കരടുരൂപത്തിന് ഖത്തർ അംഗീകാരം നൽകി
2022 മുതലാണ് ഇരുരാഷ്ട്രങ്ങളും റെയിൽ ഗതാഗത സാധ്യതയെ കുറിച്ച് ഗൗരവമായ ചർച്ചകൾ ആരംഭിച്ചത്
ദോഹ: സൗദി അറേബ്യയുമായുള്ള റെയിൽവേ ലിങ്ക് കരാറിന്റെ കരടുരൂപത്തിന് അംഗീകാരം നൽകി ഖത്തർ. ഇരുരാഷ്ട്രങ്ങൾക്കുമിടയിലെ യാത്രാ-ചരക്കുനീക്കത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നതാകും പദ്ധതി. പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്‌മാൻ ബിൻ ജാസിം അൽഥാനിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രതിവാര മന്ത്രിസഭാ യോഗമാണ് കരാറിന്റെ കരടുരൂപത്തിന് അംഗീകാരം നൽകിയത്. ആലോചനാഘട്ടത്തിൽ നിന്ന് പ്രായോഗിക തലത്തിലേക്ക് പദ്ധതി നീങ്ങുന്നതിന്റെ തുടക്കമാണ് മന്ത്രിസഭയുടെ അംഗീകാരമെന്ന് കരുതുന്നു.
2022 മുതലാണ് ഇരുരാഷ്ട്രങ്ങളും റെയിൽ ഗതാഗത സാധ്യതയെ കുറിച്ച് ഗൗരവമായ ചർച്ചകൾ ആരംഭിച്ചത്. ആ വർഷം ഖത്തറിലെത്തിയ സൗദി ഗതാഗത, ലോജിസ്റ്റിക്‌സ് സേവന വകുപ്പുമന്ത്രി സാലിഹ് ബിൻ നാസർ അൽ ജാസിറും ഖത്തർ ഗതാഗത മന്ത്രിയായിരുന്ന ജാസിം സൈഫ് അഹമ്മദ് അൽ സുലൈഥിയും ഇതുമായി ബന്ധപ്പെട്ട് കൂടിക്കാഴ്ച നടത്തിയിരുന്നു.ഖത്തറുമായി കരാതിർത്തി പങ്കിടുന്ന ഏക രാഷ്ട്രമാണ് സൗദി. നിർദിഷ്ട ജിസിസി റെയിലിന്റെ ഭാഗമാണോ പദ്ധതിയെന്നതിൽ വ്യക്തതയില്ല. കുവൈത്ത് മുതൽ ഒമാൻ വരെ 2117 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതിയാണ് ജിസിസി റെയിൽ.