ഗസ്സയിലെ അഭയാർഥി ക്യാമ്പുകളിലേക്കുള്ള സഹായം ഊർജിതമാക്കി ഖത്തർ
അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി ശതകോടികളുടെ സഹായമാണ് ഖത്തർ പ്രഖ്യാപിച്ചിട്ടുള്ളത്
ദോഹ: ഇസ്രായേൽ ആക്രമണത്തിന്റെ കെടുതികൾ അനുഭവിക്കുന്ന ഗസ്സയിൽ സഹായവിതരണം ഊർജിതമാക്കി ഖത്തർ. ഈജിപ്ത് അതിർത്തി വഴി ഗസ്സയിലെത്തിച്ച നൂറു കണക്കിന് ടൺ സഹായവസ്തുക്കളാണ് ഖത്തർ എയ്ഡ്, ഫലസ്തീനി ടെന്റുകളിൽ വിതരണം ചെയ്തത്. മരുന്നുകൾ, പുതപ്പുകൾ, ഭക്ഷണം, മറ്റു അവശ്യസേവന വസ്തുക്കൾ എന്നിവയാണ് ടെന്റുകളിൽ എത്തിച്ചത്. അന്താരാഷ്ട്ര സന്നദ്ധ സംഘങ്ങളുമായി ചേർന്നാണ് സംഘടനയുടെ പ്രവർത്തനം.
ഗസ്സ പുനർനിർമാണ കമ്മിറ്റി ഇതുമായി ബന്ധപ്പെട്ട വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. സഹായത്തിന് ഖത്തറിനും ഖത്തർ അമീറിനും ഫലസ്തീനികൾ നന്ദി അറിയിച്ചു. യുദ്ധം മൂലം തകർന്ന ഗസ്സയിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി ശതകോടികളുടെ സഹായമാണ് ഖത്തർ പ്രഖ്യാപിച്ചിട്ടുള്ളത്.
ഖത്തറിന്റെ മേൽനോട്ടത്തിൽ പ്രദേശത്തെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. കെട്ടിടാവശിഷ്ടങ്ങളും കോൺക്രീറ്റ് മാലിന്യങ്ങളും നീക്കി റോഡുകൾ നിർമിക്കാനുള്ള ജോലിയാണ് ആദ്യഘട്ടത്തിൽ നടക്കുന്നത്. വീടുകൾ തകർന്ന പ്രദേശവാസികൾക്കായി 87,754 താമസ ക്യാമ്പുകൾ സജ്ജമാക്കി. 4.36 ലക്ഷം പേർക്ക് ഇതിന്റെ ഗുണഫലം ലഭിക്കും.
സഹായവിതരണത്തിനായി മാത്രം ഈജിപ്ത്, ജോർദാൻ വഴി ലാൻഡ് എയ്ഡ് ബ്രിജും ഈജിപ്ത് വഴി മാരിടൈം എയ്ഡ് ബ്രിജും ഖത്തർ സ്ഥാപിച്ചിട്ടുണ്ട്.