ന്യൂഡൽഹി വേൾഡ് ബുക് ഫെയർ; ഖത്തർ അതിഥി രാഷ്ട്രം
ദോഹ: ന്യൂഡൽഹി വേദിയാകുന്ന അന്താരാഷ്ട്ര പുസ്തക മേളയിൽ അതിഥി രാഷ്ട്രമായി ഖത്തർ. സാംസ്കാരിക മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇരുരാഷ്ട്രങ്ങൾക്കുമിടയിലെ ഉഭയകക്ഷി ബന്ധം ഊട്ടിയുറപ്പിക്കുന്നതാണ് അതിഥി രാഷ്ട്ര പദവി.
ജനുവരി പത്തു മുതൽ പതിനെട്ടു വരെ ഡൽഹിയിലെ ഭാരത് മണ്ഡപത്തിലാണ് പുസ്തകോത്സവം അരങ്ങേറുന്നത്. ഇത്തവണ പത്തു രാഷ്ട്രങ്ങളിൽ നിന്നുള്ള പ്രസാധകരാണ് മേളയിൽ പങ്കെടുക്കുക. ഗസ്റ്റ് ഓഫ് ഓണർ എന്ന പദവിയാണ് ഖത്തറിന് നൽകിയിരിക്കുന്നത്. ഫോക്കസ് രാഷ്ട്രമായി സ്പെയിനിനെയും തെരഞ്ഞെടുത്തിട്ടുണ്ട്.
പുസ്തകോത്സവത്തെ, ഖത്തറി അസ്തിത്വത്തെയും പൈതൃകത്തെയും അടയാളപ്പെടുത്താനുള്ള വേദിയായി കണക്കാക്കുന്നതായി സാംസ്കാരിക മന്ത്രാലയം പ്രതികരിച്ചു. മേളയിൽ ഖത്തറിന്റെ വാസ്തുശില്പ കല, സാംസ്കാരിക വൈവിധ്യം, നാട്ടറിവുകൾ തുടങ്ങിയവ പരിചയപ്പെടുത്തുന്ന ഇന്ററാക്ടീവ് ബൂത്തുകൾ ഒരുക്കും. സാഹിത്യവും സംഗീതവും ഷോക്കേസ് ചെയ്യും.
നാഷണൽ ബുക് ട്രസ്റ്റും ഇന്ത്യൻ വിദ്യാഭ്യാസ മന്ത്രാലയവുമാണ് ന്യൂഡൽഹി പുസ്തകോത്സവം സംഘടിപ്പിക്കുന്നത്. ആയിരത്തിലധികം പ്രസാധകർ മേളയുടെ ഭാഗമാകുന്നുണ്ട്.