യുഎസുമായി പ്രതിരോധ കരാർ ഒപ്പുവയ്ക്കാൻ ഖത്തർ
ഖത്തർ അമീറുമായും പ്രധാനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തി യുഎസ് സ്റ്റേറ്റ് സെക്രട്ടറി
ദോഹ: ഇസ്രായേൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ യുഎസുമായി പുതിയ പ്രതിരോധ കരാർ ഒപ്പുവയ്ക്കാൻ ഖത്തർ. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി, പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്‌മാൻ ജാസിം അൽഥാനി എന്നിവരുമായി റൂബിയോ കൂടിക്കാഴ്ച നടത്തി.
ദോഹയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിന് ഒരാഴ്ച പിന്നിടുന്ന വേളയിലാണ് മാർക്കോ റൂബിയോയുടെ ഖത്തർ സന്ദർശനം. ഖത്തർ അമീർ, പ്രധാനമന്ത്രി എന്നിവരുമായുള്ള കൂടിക്കാഴ്ചയിൽ ഖത്തറിനുള്ള യുഎസിന്റെ പിന്തുണ അദ്ദേഹം അറിയിച്ചു. ഇരുരാഷ്ട്രങ്ങളും ശക്തമായ ഉഭയകക്ഷി ബന്ധം തുടരുമെന്നും റൂബിയോ വ്യക്തമാക്കി.
ദോഹയിലേക്ക് തിരിക്കും മുമ്പാണ്, ഖത്തറുമായി പ്രതിരോധ കരാറിന്റെ വക്കിലാണ് തങ്ങളെന്ന് അദ്ദേഹം അറിയിച്ചത്. ഖത്തർ വിദേശകാര്യ വക്താവ് മാജിദ് അൽ അൻസാരിയും ഇക്കാര്യം സ്ഥിരീകരിച്ചു. ഗസ്സയിലെ യുദ്ധം നിർത്താനും ബന്ദികളെ മോചിപ്പിക്കാനും ഖത്തർ നടത്തുന്ന ശ്രമങ്ങൾക്ക് റൂബിയോ നന്ദി അറിയിച്ചു. പശ്ചിമേഷ്യയിലെ സുരക്ഷയും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും തന്ത്രപരമായ പങ്കാളിത്തവും ചർച്ചയായി.
നേരത്തെ, ആക്രമണത്തിന് ശേഷം യുഎസ് സന്ദർശിച്ച ഖത്തർ പ്രധാനമന്ത്രി, മാർക്കോ റൂബിയോയുമായി വാഷിങ്ടണിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രസിഡണ്ട് ട്രംപുമായും അദ്ദേഹം ആശയവിനിമയം നടത്തി. ഇസ്രായേൽ ആക്രമണത്തിനെതിരെ അറബ് രാഷ്ട്ര നേതാക്കൾ ഒറ്റക്കെട്ടായി പ്രതികരിച്ച ഉച്ചകോടിക്ക് ശേഷമാണ് റൂബിയുടെ സന്ദർശനം.