സ്വതന്ത്ര ഫലസ്തീൻ; കനഡ, മാൾട്ട രാജ്യങ്ങളുടെ നിലപാട് സ്വാഗതം ചെയ്ത് ഖത്തർ

ഫലസ്തീൻ രാഷ്ട്ര രൂപീകരണവുമായി ബന്ധപ്പെട്ട ഫലപ്രദമായ ചുവടാണ് ഇരുരാജ്യങ്ങളുടേതുമെന്ന് ഖത്തർ വിദേശകാര്യമന്ത്രാലയം അഭിപ്രായപ്പെട്ടു

Update: 2025-07-31 17:02 GMT
Editor : Thameem CP | By : Web Desk

ദോഹ: സ്വതന്ത്ര ഫലസ്തീനെ അംഗീകരിക്കുമെന്ന കനഡ, മാൾട്ട രാഷ്ട്രങ്ങളുടെ നിലപാട് സ്വാഗതം ചെയ്ത് ഖത്തർ. ഫലസ്തീൻ രാഷ്ട്ര രൂപീകരണവുമായി ബന്ധപ്പെട്ട ഫലപ്രദമായ ചുവടാണ് ഇരുരാജ്യങ്ങളുടേതുമെന്ന് ഖത്തർ വിദേശകാര്യമന്ത്രാലയം അഭിപ്രായപ്പെട്ടു.

ഗസ്സയിൽ ഇസ്രായേൽ വെടിനിർത്തലിന് തയ്യാറായില്ലെങ്കിൽ ഫലസ്തീനെ അംഗീകരിക്കുമെന്ന ബ്രിട്ടീഷ് ഗവണ്മെന്റിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ്, കനഡയും ദക്ഷിണ യൂറോപ്യൻ രാഷ്ട്രമായ മാൾട്ടയും വിഷയത്തിൽ നിലപാട് വ്യക്തമാക്കിയത്.

സെപ്തംബറിൽ ചേരുന്ന യുഎൻ ജനറൽ അസംബ്ലിയിൽ ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്നാണ് കനഡ പ്രധാനമന്ത്രി മാർക്ക് കാർണിയും മാൾട്ട പ്രധാനമന്ത്രി റോബർട്ട് അബേലയും നിലപാടെടുത്തത്. ദ്വിരാഷ്ട്ര പദ്ധതി മാത്രമാണ് ഇസ്രായേൽ-ഫലസ്തീൻ പ്രശ്‌നത്തിനുള്ള ഏക പോംവഴിയെന്നും ഇരുവരും ചൂണ്ടിക്കാട്ടി.

ഇരുരാഷ്ട്രങ്ങളുടെയും നിലപാട്, ഫലസ്തീൻ ജനതയുടെ സ്വയം നിർണയാവകാശത്തിനും കിഴക്കൻ ജറൂസലേം ആസ്ഥാനമായി സ്വതന്ത്ര രാഷ്ട്രം രൂപവത്കരിക്കാനുള്ള സ്വാതന്ത്ര്യത്തിനും പിന്തുണ നൽകുന്നതാണ്. ഫലസ്തീന്റെ സ്വാതന്ത്ര്യം അംഗീകരിക്കാത്ത രാഷ്ട്രങ്ങൾ ഈ പാത പിന്തുടരുമെന്നാണ് പ്രതീക്ഷയെന്നും ഖത്തർ വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News