സമാധാന ശ്രമങ്ങൾക്കുള്ള അംഗീകാരം; അയർലൻഡിലെ ടിപ്പറേരി പുരസ്‌കാരം ഖത്തറിന്

പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അല്‍താനി  പുരസ്കാരം ഏറ്റുവാങ്ങി

Update: 2025-07-02 15:56 GMT
Editor : Thameem CP | By : Web Desk

ദോഹ: സമാധാനത്തിനും മാനുഷിക പ്രവർത്തനങ്ങൾക്കുമായുള്ള അയർലൻഡിലെ ടിപ്പെറേരി അന്താരാഷ്ട്ര പുരസ്‌കാരം ഖത്തറിന്. പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്‌മാൻ അൽതാനി പുരസ്‌കാരം ഏറ്റുവാങ്ങി. സമാധാനവും മാനുഷിക പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി 1984 മുതൽ നൽകി വരുന്നതാണ് ടിപ്പറേരി പുരസ്‌കാരം. നെൽസൺ മണ്ടേലയും ബിൽക്ലിന്റനും അടക്കമുള്ളവർ നേരത്തെ ഈ പുരസ്‌കാരത്തിന് അർഹരായിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിൽ സമാധാനം ഉറപ്പാക്കാൻ ഖത്തർ നടത്തുന്ന നിർണായക ഇടപെടലുകൾക്കാണ് പുരസ്‌കാരം.

ഇത് വ്യക്തിപരമായ നേട്ടമല്ലെന്നും ഖത്തറിലെ ജനങ്ങൾക്കും നേതൃത്വത്തിനും വേണ്ടിയാണ് പുരസ്‌കാരം ഏറ്റുവാങ്ങുന്നതെന്നും പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്‌മാൻ അൽതാനി പറഞ്ഞു. അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിക്ക് കീഴിൽ വെല്ലുവിളികൾക്ക് മുന്നിൽ കീഴടങ്ങാത്ത രാജ്യമായി ഖത്തർ മാറിക്കഴിഞ്ഞു. ലോകത്തിന് മാതൃകയാണ് അമീർ, മേഖലയിലെ മുഴുവൻ മനുഷ്യരെയും ലോകമെമ്പാടുമുള്ള പാവപ്പെട്ടവരെയും അമീർ സ്വന്തം മക്കളെപ്പോലെയാണ് കാണുന്നത്. നഷ്ടപ്പെട്ട ഓരോ ജീവന്റെ പേരിലും അദ്ദേഹം ദുഃഖിക്കുന്നു. സമാധാനം സംരക്ഷിക്കപ്പെടേണ്ട ഒരു പൈതൃകമാണെന്നാണ് ഖത്തർ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Advertising
Advertising

ഗസ്സ മുതൽ അഫ്ഗാനിസ്ഥാൻ വരെയും, ലെബനൻ മുതൽ ഉക്രെയ്ൻ വരെയും ഖത്തർ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളുടെ ഉദ്ദേശ്യത്തെക്കുറിച്ച് പലരും ചോദിക്കുന്നു. ഖത്തർ ചെയ്യുന്നത് വെറും മധസ്ഥതയല്ല, ലോകത്തിന്റെ പരിവർത്തനം കൂടിയാണ്. ഖത്തർ മിസൈൽ ആക്രമണത്തിന് വിധേയമായതിന് പിന്നാലെയാണ് ഈ പുരസ്‌കാരം ഏറ്റുവാങ്ങുന്നത്. ബലഹീനതകൊണ്ടല്ല മറിച്ച് ശക്തികൊണ്ടാണ് ഖത്തർ സംയമനം പാലിച്ചത്. ആ നിമിഷങ്ങൾ പ്രതികാരത്തിന്റെതായിരുന്നില്ല, മറിച്ച് വിവേകത്തിന്റെയും സംയമനത്തിന്റേതുമായിരുന്നു. ശക്തിപ്രകടനങ്ങൾക്കും വാചാടോപങ്ങൾക്കും മുകളിലാണ് ഖത്തർ മേഖലയുടെ സ്ഥിരതയും ജനങ്ങളുടെ ക്ഷേമവും പ്രതിഷ്ഠിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വരും തലമുറയെ അഭിസംബോധന ചെയ്തുകൊണ്ട് ഒരു സന്ദേശം കൂടി നൽകിയാണ് അദ്ദേഹം തന്റെ പ്രസംഗം അവസാനിപ്പിച്ചത്. 'സമാധാനം പരാധീനതയായി കരുതരുത്, യുദ്ധത്തേക്കാൾ കരുത്തുണ്ടതിന്, വിദ്വേഷത്തെക്കാൾ ശക്തവും അക്രമത്തേക്കാൾ ഉച്ചത്തിലുള്ളതുമാണ് സമാധാനം...'

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News