വേനലവധി കഴിഞ്ഞു; ഖത്തറിൽ സ്‌കൂളുകൾ നാളെ തുറക്കും
ക്ലാസ്മുറികളിലെത്തുന്നത് മൂന്നര ലക്ഷത്തിലേറെ വിദ്യാർഥികൾ
ദോഹ: വേനലവധി കഴിഞ്ഞ് ഖത്തറിലെ വിദ്യാലയങ്ങൾ നാളെ തുറക്കും. മൂന്നര ലക്ഷത്തിലേറെ വിദ്യാർഥികളാണ് ക്ലാസ്മുറികളിലെത്തുന്നത്. വിദ്യാർഥികളെ സ്വീകരിക്കാനായി സ്‌കൂളുകൾ ഒരുങ്ങിക്കഴിഞ്ഞു.
ഖത്തർ ഗവൺമെന്റ് സ്‌കൂളുകളുടെ പുതിയ അധ്യയന വർഷത്തിനും ഇന്ത്യൻ സ്‌കൂളുടെ രണ്ടാം പാദത്തിനുമാണ് നാളെ തുടക്കമാകുന്നത്. 3.65 ലക്ഷം കുട്ടികളാണ് രണ്ടു മാസം നീണ്ട വേനലവധിക്കാലത്തിന് ശേഷം സ്‌കൂളുകളിലേക്ക് തിരികെയെത്തുന്നത്. കിൻഡർഗാർട്ടനുകൾ ഉൾപ്പെടെ രാജ്യത്ത് 629 വിദ്യാലയങ്ങളാണ് പ്രവർത്തിക്കുന്നത്. ഇതിൽ 278 ഗവൺമെന്റ് സ്‌കൂളുകളും 351 സ്വകാര്യ സ്‌കൂളുകളുമുണ്ട്. വിദ്യാഭ്യാസ - ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കണക്കു പ്രകാരം 1.37 ലക്ഷം കുട്ടികളാണ് പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്നത്. സ്വകാര്യ സ്‌കൂളുകളിലെ വിദ്യാർഥികളുടെ എണ്ണം 2.28 ലക്ഷം. ഈ വർഷം പൊതുമേഖലയിൽ പത്ത് പുതിയ സ്‌കൂളുകൾക്ക് അനുമതി നൽകിയിട്ടുണ്ട്.
വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദേശ പ്രകാരം ആഗസ്ത് 24ന് തന്നെ അധ്യാപകർ സ്‌കൂളിൽ സജീവമാണ്. ഇവർക്കായി സംഘടിപ്പിച്ച ഒരാഴ്ച നീണ്ട ഓറിയന്റേഷൻ പ്രോഗ്രാമുകൾ അവസാനിച്ചു. വിദ്യാർഥികളെ സ്‌കൂൾ അന്തരീക്ഷത്തിൽ തിരിച്ചെത്തിക്കാനായി ഗവണ്മെന്റ് ആവിഷ്‌കരിച്ച ബാക് ടു സ്‌കൂൾ പരിപാടികളും സമാപിച്ചിട്ടുണ്ട്.
സ്‌കൂൾ സമയങ്ങളിൽ റോഡിലെ ട്രാഫിക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അറുനൂറിലേറെ സ്‌കൂൾ സോണുകളുടെ സുരക്ഷ പൊതുമരാമത്ത് വിഭാഗമായ അഷ്ഗാൽ വർധിപ്പിച്ചിട്ടുണ്ട്. ഇവിടങ്ങളിലെ ട്രാഫിക് സിഗ്‌നലുകളുടെ നവീകരണം, ക്രോസിങ് അടയാളപ്പെടുത്തൽ, അഗ്‌നിസുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്തൽ തുടങ്ങിയ ജോലികളാണ് പൂർത്തിയാക്കിയത്. അവധിയാഘോഷിക്കാനായി നാട്ടിലേക്ക് പോയ പ്രവാസി കുടുംബങ്ങളെല്ലാം രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളിൽ തിരിച്ചെത്തിയിരുന്നു.