ആണവോര്‍ജത്തിന്റെ സുരക്ഷിത ഉപയോഗം; ഖത്തറും അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയും തമ്മില്‍ സാങ്കേതിക സഹകരണത്തിന് ധാരണ

Update: 2022-01-11 12:00 GMT

ദോഹ: 2022-2023 കാലയളവില്‍ ആണവോര്‍ജ്ജത്തിന്റെ സുരക്ഷിത ഉപയോഗത്തിനായി ഖത്തറുമായി സാങ്കേതിക സഹകരണത്തിനൊരുങ്ങി അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി(IAEA).

ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റേയും സിദ്ര മെഡിസിന്റേയും സഹായത്തോടെ റേഡിയോളജിക്കല്‍ രോഗനിര്‍ണയത്തിനുതകുന്ന നവീന മേഖലകല്‍ വികസിപ്പിക്കുക, റേഡിയേഷന്‍-കെമിക്കല്‍ പ്രൊട്ടക്ഷന്‍ വകുപ്പ് നടപ്പിലാക്കി വരുന്ന മെഡിക്കല്‍, വ്യാവസായിക, പരിസ്ഥിതി മേഖലകളിലെ റേഡിയോളജിക്കല്‍ സംവിധാനങ്ങളെ ശക്തിപ്പെടുത്തുക, രാജ്യത്ത് റേഡിയേഷന്‍ സംരക്ഷണ പദ്ധതികള്‍ മെച്ചപ്പെടുത്തുക തുടങ്ങിയവ പദ്ധതിയുടെ ലക്ഷ്യങ്ങളാണ്. മിഡില്‍ ഈസ്റ്റിലെ തന്നെ ഏറ്റവും വലിയ റേഡിയോ ആക്ടീവ് ഉപകരണങ്ങള്‍ക്കായി ഒരു സെക്കന്‍ഡറി കാലിബ്രേഷന്‍ ലബോറട്ടറി സ്ഥാപിക്കുകയാണ് മറ്റൊരു പ്രധാന ലക്ഷ്യം.

Advertising
Advertising

പൊതുജനാരോഗ്യ മന്ത്രാലയവുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന ഭക്ഷ്യ സുരക്ഷാ മേഖലകളും പദ്ധതിയില്‍ ഉള്‍പ്പെടുന്നതായി കാലാവസ്ഥാ വ്യതിയാന മന്ത്രാലയവും അറിയിച്ചു. റേഡിയേഷന്‍ ആന്റ് കെമിക്കല്‍ പ്രൊട്ടക്ഷന്‍ ഡിപ്പാര്‍ട്ട്മെന്റ്, രാജ്യത്തെ 10 ലധികം സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 10 ദേശീയ പദ്ധതികള്‍, 23 പ്രാദേശിക പദ്ധതികള്‍, ആഗോള തലത്തില്‍ രണ്ട് പദ്ധതികള്‍ എന്നിവയുള്‍പ്പെടെ 35 സാങ്കേതിക സഹകരണ പദ്ധതികളാണ് ഖത്തറിന് രാജ്യാന്തര ആണവോര്‍ജ ഏജന്‍സിയുമായി നിലവിലുള്ളത്.

കൃഷി, കന്നുകാലി ഉല്‍പ്പാദനം, രോഗപ്രതിരോധ നടപടികള്‍, മരുന്ന് നിര്‍മാണം, റേഡിയോളജിക്കല്‍ പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണം, പരിസ്ഥിതി റേഡിയോളജിക്കല്‍ സര്‍വേ, കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളെ ചെറുക്കല്‍, ആണവോര്‍ജത്തിന്റെ സുരക്ഷിത ഉപയോഗ മേഖലകളില്‍ മനുഷ്യന്റെ കഴിവുകള്‍ വികസിപ്പിക്കല്‍ തുടങ്ങിയ നിരവധി വശങ്ങളും പദ്ധതിയുടെ ഭാഗമാണ്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News