അണ്ടർ 17 ലോകകപ്പ് ഫൈനൽ ലൈനപ്പായി, പോർച്ചുഗൽ ഓസ്ട്രിയയെ നേരിടും
സെമിയിൽ പോർച്ചുഗൽ ബ്രസീലിനെയും ഓസ്ട്രിയ ഇറ്റലിയെയും മറികടന്നു
ദോഹ: ഖത്തറിൽ നടക്കുന്ന ഫിഫ അണ്ടർ 17 ലോകകപ്പിന്റെ കലാശപ്പോരിൽ പോർച്ചുഗലും ഓസ്ട്രിയയും കൊമ്പുകോർക്കും. ബ്രസീലിനെ തോല്പിച്ചാണ് പോർച്ചുഗൽ ഫൈനലിലെത്തിയത്. ഇറ്റലിയെ വീഴ്ത്തിയാണ് ഓസ്ട്രിയ അവസാന അങ്കത്തിനെത്തുന്നത്. വ്യാഴാഴ്ചയാണ് ഫൈനൽ പോരാട്ടം. ബ്രസീലും പോർച്ചുഗലും മുഖാമുഖം വരുമ്പോൾ പ്രതീക്ഷിക്കേണ്ട എല്ലാ ചേരുവകളുമുള്ളൊരു സെമി പോരാട്ടം. അടിയും തിരിച്ചടിയും കണ്ട ബ്ലോക്ബസ്റ്റർ അങ്കം. ആസ്പയർ മൈതാനത്തെ തീ പിടിപ്പിച്ച കളി. ആക്രമണ പ്രത്യാക്രമണങ്ങൾ. കൂടെ ഓരോ നീക്കത്തിനും തൊണ്ട പൊട്ടിച്ച് അലറി വിളിച്ച കാണികൾ.
എന്നാൽ തൊണ്ണൂറു മിനിറ്റും അധിക സമയവും കഴിഞ്ഞിട്ടും കളിയിൽ ഗോൾ മാത്രം വന്നില്ല. കളി ഷൂട്ടൗട്ടിന്റെ അനിവാര്യമായ വിധിയിലേക്ക് നീണ്ടു. ഒടുവിൽ സഡൻ ഡെത്ത് പെനാൽറ്റിയിൽ പറങ്കിപ്പട കാനറികളുടെ ചിറകരിഞ്ഞു. സ്കോർ 6-5. ഗ്യാലറിയിൽ ആഹ്ലാദത്തിന്റെ അമിട്ടു പൊട്ടി. ഫൈനലിലേക്ക് മാർച്ച് ചെയ്തതിന്റെ ആഹ്ലാദം പോർച്ചുഗൽ ആരാധകർ മറച്ചുവച്ചില്ല.
ആദ്യ സെമിയിൽ ഇറ്റലിയെ എതിരില്ലാത്ത രണ്ടു ഗോളിന് കീഴ്പ്പെടുത്തിയാണ് ഓസ്ട്രിയ ഫൈനൽ ഉറപ്പിച്ചത്. യോഹന്നാസ് മോസറാണ് ഓസ്ട്രിയയുടെ രണ്ടു ഗോളും നേടിയത്. ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് ഫൈനൽ പോരാട്ടം. യോഹന്നാസ് മോസർ ഈ ടൂർണമെൻ്റിൽ ഇതുവരെ എട്ട് ഗോളുകൾ അടിച്ചുകൂട്ടിയിട്ടുണ്ട്.