Writer - razinabdulazeez
razinab@321
ദോഹ: ഖത്തറില്‍ ശൈത്യകാല ക്യാമ്പിങ് സീസണിന് സമാപനം. ക്യാമ്പിങ് കേന്ദ്രങ്ങളില്‍ നിന്ന് കാരവനുകളും മറ്റു ഉപകരണങ്ങളും നീക്കം ചെയ്യാന്‍ പരിസ്ഥിതി മന്ത്രാലയം നിര്‍ദേശം നല്‍കി. കഴിഞ്ഞ ഒക്ടോബറിലാണ് രാജ്യത്ത് ക്യാമ്പിങ് സീസണിന് തുടക്കം കുറിച്ചത്. ആയിരങ്ങളാണ് തമ്പടിച്ചും കാരവനുകളിലും തണുപ്പ് കാലം ആസ്വദിക്കുന്നതിനായി ക്യാമ്പിങ് കേന്ദ്രങ്ങളിലെത്തിയത്. കാലാവസ്ഥാ ചൂടിലേക്ക് മാറിത്തുടങ്ങിയതോടെ ഏപ്രില്‍ മുപ്പതോടെ ക്യാമ്പിങ് സീസണ്‍ സമാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പരിശോധന ഊര്‍ജിതമാക്കിയത്. ആഭ്യന്തര സുരക്ഷാ വിഭാഗമായ ലഖ്‍വിയയുടെ പരിസ്ഥിതി ബ്രിഗേഡുമായി ചേർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ കാമ്പിങ് കേന്ദ്രങ്ങളിലെത്തിയ പരിസ്ഥിതി മന്ത്രാലയം പ്രതിനിധികൾ ക്യാമ്പിങ് സീസൺ കഴിഞ്ഞതായി അറിയിച്ചുകൊണ്ട് നോട്ടീസ് പതിക്കുകയും പ്രചാരണ പരിപാടികൾ ആരംഭിക്കുകയും ചെയ്തു. ക്യാമ്പിങ് മേഖലയിലെ പരിസ്ഥിതി സുരക്ഷ ഉറപ്പാക്കാനും , എല്ലാ വസ്തുക്കളും നീക്കം ചെയ്യാനും മന്ത്രാലയം ആവശ്യപ്പെട്ടു.