സൽമാൻ ഖാൻ സൗദിയിലെ റിയാദ് സീസണിലെത്തുന്നു; ഡിസംബർ പത്തിന് സ്‌പെഷ്യൽ ഷോ

സൗദി അറേബ്യയിലെ പ്രമുഖ വസ്ത്ര വ്യാപാര ശൃംഖലയുടെ പരസ്യ മോഡലായിരുന്നു സൽമാൻ ഖാൻ. ആബാലവൃദ്ധം അറബ് സമൂഹത്തിനിടയിലെ സൽമാന്റെ സ്വാധീനമാണ് റിയാദ് സീസണിലേക്ക് അദ്ദേഹം ക്ഷണിക്കപ്പെട്ടതിന് പിന്നിൽ.

Update: 2021-11-29 16:42 GMT

ലോകശ്രദ്ധ പിടിച്ചുപറ്റിയ റിയാദ് സീസൺ ആഘോഷത്തിന് താരപ്രഭയേകാൻ പ്രമുഖ ബോളിവുഡ് താരം സൽമാൻ ഖാൻ എത്തുന്നു. ഡിസംബർ 10ന് സൽമാൻ സൗദി തലസ്ഥാന നഗരിയിലെത്തുമെന്ന് ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി ചെയർമാൻ തുർക്കി അൽ ശൈഖ് ട്വീറ്റ് ചെയ്തതോടെ താരത്തിന്റെ വരവിനായി കാത്തിരിക്കുകയാണ് ഇന്ത്യക്കാരുൾപ്പടെയുള്ള ആരാധകർ. എല്ലാവരെയും കാണാൻ ഞാൻ റിയാദിലെത്തുന്നുണ്ടെന്ന് സൽമാൻ ഖാന്റെ മറുപടി ട്വീറ്റ് കൂടി എത്തിയതോടെ ആരാധകർ ആവേശത്തിലായി. സൗദി പ്രവാസി മലയാളികളുടെയും ഇഷ്ടതാരമാണ് സൽമാൻ. താരത്തെ നേരിട്ട് കാണാൻ ടിക്കറ്റ് ഓൺലൈനിൽ എത്തുന്നത് കാത്തിരുന്നവർക്ക് ആഹ്ലാദം പകർന്ന് ഞായറാഴ്ച മുതൽ ടിക്കറ്റ് വിൽപനയും ആരംഭിച്ചു. 150 റിയാൽ, 375 റിയാൽ, 1000 റിയാൽ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. 'ദ ബാങ്' എന്ന പേരിലാണ് സൽമാൻ ഖാന്റെ പരിപാടി അരങ്ങേറുന്നത്. സൗദിയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഇന്ത്യൻ നടന്മാരിൽ ഒരാൾ കൂടിയാണ് സൽമാൻ ഖാൻ.

Advertising
Advertising

സൗദി അറേബ്യയിലെ പ്രമുഖ വസ്ത്ര വ്യാപാര ശൃംഖലയുടെ പരസ്യ മോഡലായിരുന്നു സൽമാൻ ഖാൻ. ആബാലവൃദ്ധം അറബ് സമൂഹത്തിനിടയിലെ സൽമാന്റെ സ്വാധീനമാണ് റിയാദ് സീസണിലേക്ക് അദ്ദേഹം ക്ഷണിക്കപ്പെട്ടതിന് പിന്നിൽ. രണ്ട് വർഷം മുമ്പ് കിഴക്കൻ പ്രവിശ്യയിലെ 'അൽഷർഖ് ഫെസ്റ്റിവലി'ൽ അതിഥിയായി സൽമാൻ ഖാൻ എത്തിയിരുന്നു. ഒക്ടോബർ 20ന് ആരംഭിച്ച റിയാദ് സീസൺ ഉത്സവത്തിൽ ലോക പ്രശസ്ത റാപ്പർ പിറ്റ് ബുൾ, വിഖ്യാത സൗദി ഗായകൻ മുഹമ്മദ് അബ്ദു, സിറിയൻ ഗായിക റാഷാ റിസ്‌ക് ഉൾപ്പടെയുള്ളവരുടെ പരിപാടികൾ ഇതിനകം അരങ്ങേറിയെങ്കിലും കാര്യമായ ഇന്ത്യൻ സാന്നിധ്യം ഉണ്ടായിരുന്നില്ല. സൽമാൻ ഖാന്റെ വരവോടെ താരപരിവേഷമായി തന്നെ ആ കുറവ് നികത്തപ്പെടും.

സൗദി പൗരന്മാർക്ക് പുറമെ മലയാളികൾ ഉൾപ്പടെ ആയിരക്കണക്കിന് ഇന്ത്യക്കാർ സൽമാനെ കാണാനും പ്രകടനം ആസ്വദിക്കാനും നഗരിയിലെത്തും. സൽമാൻ ഖാന് പുറമെ ശിൽപ ഷെട്ടി, ജാകോലിൻ ഫെർണാണ്ടസ്, സായ് മഞ്ച്‌റേക്കർ, സുനിൽ ഗ്രോവർ, ഗുരു രൺധാവ തുടങ്ങിയ താരങ്ങളും അരങ്ങിലെത്തും. മാർച്ച് 31ന് അവസാനിക്കുന്ന ഉത്സവത്തിലേക്ക് ആഗോള പ്രശസ്ത കലാകാരന്മാരും കായിക ലോകത്തെ വമ്പന്മാരും വരും ദിവസങ്ങളിൽ ഇനിയും എത്താനുണ്ട്. 'കൂടുതൽ സങ്കൽപ്പിക്കുക' എന്ന സീസൺ തലവാചകം അന്വർഥമാകും വിധമാണ് ദിനേന വിസമയങ്ങൾ തീർത്ത് സീസൺ മുന്നേറുന്നത്. ഫുട്ബാൾ താരങ്ങളായ മെസ്സിയും എംബാപ്പായും നെയ്മറും സൗദി ഗ്രൗണ്ടിൽ പന്തുരുട്ടാനെത്തുന്നതിനാണ് ഫുട്ബാൾ ആരാധകരുടെ അടുത്ത കാത്തിരിപ്പ്. കലയും കളിയും കാര്യവും കവിതയും കഥയും തുടങ്ങി എല്ലാ തരം ആസ്വാദകരുടെയും അഭിരുചിക്കനുസരിച്ചാണ് സീസൺ വേദികൾ ഒരുങ്ങിയിരിക്കുന്നത്.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News