കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും ബലി പെരുന്നാള്‍ ആഘോഷിച്ച് സൗദി

നാട്ടിലേക്ക് പോകാൻ സാധിക്കാത്ത പ്രയാസങ്ങളും പരിഭവങ്ങളും ഉള്ളിലൊതുക്കിയായിരുന്നു പ്രവാസികളുടെ ആഘോഷം

Update: 2021-07-21 01:05 GMT
Editor : Jaisy Thomas | By : Web Desk
Advertising

കോവിഡ് നിയന്ത്രണങ്ങൾക്കിടെ സൗദിയിലും ബലി പെരുന്നാൾ ആഘോഷിച്ചു. നാട്ടിലേക്ക് പോകാൻ സാധിക്കാത്ത പ്രയാസങ്ങളും പരിഭവങ്ങളും ഉള്ളിലൊതുക്കിയായിരുന്നു പ്രവാസികളുടെ ആഘോഷം. മക്കയിലും മദീനയിലുമുള്ള ഹറം പള്ളികളിൽ ആയിരകണക്കിന് വിശ്വാസികൾ പെരുന്നാൾ നമസ്‌കാരത്തിൽ പങ്കെടുത്തു. ലോകത്തുള്ള മുഴുവൻ വിശ്വാസികൾക്കും സൗദി ഭരണാധികാരി പെരുന്നാൾ ആശംസകൾ നേർന്നു.

വാങ്കിനും ഇഖാമത്തിനും മാത്രമായി പള്ളികളിലെ ഉച്ചഭാഷിണികൾ പരിമിതപ്പെടുത്തിയതിന് ശേഷമുള്ള സൗദിയിലെ ആദ്യത്തെ പെരുന്നാളായിരുന്നു ഇന്ന്. പെരുന്നാൾ തക്ബീറിന്റെ ഈരടികൾ പള്ളി മിനാരങ്ങളിൽ നിന്ന് പുറത്തേക്കുയർന്നില്ലെങ്കിലും, രാജ്യത്തെ ജുമുഅയുള്ള മിക്ക പളളികളിലും ഈദ് ഗാഹുകളിലുമായി നടന്ന പെരുന്നാൾ നമസ്‌കാരങ്ങളിൽ കൊവിഡ് പ്രോട്ടോകോൾ പാലിച്ച് കൊണ്ടായിരുന്നു വിദേശികളും സ്വദേശികളും പങ്കെടുത്തത്. അറഫയും മുസ്ദലിഫയും പിന്നിട്ട് പുലർച്ചയോടെ മിനയിൽ തരിച്ചെത്തിയ ഹജ്ജ് തീർത്ഥാടകർ ജംറത്തുൽ അഖബയിൽ കല്ലെറിഞ്ഞ ശേഷം ബലികർമ്മത്തിലേക്ക് പ്രവേശിക്കും. ഈ ദിവസമാണ് ബലിപെരുന്നാളായി ആഘോഷിക്കുന്നത്. മക്കയിലെ ഹറം പള്ളിയിൽ നടന്ന പെരുന്നാൾ നമസ്‌കാരത്തിന് കഴിഞ്ഞ ദിവസം അറഫ പ്രഭാഷണം നടത്തിയ ശൈഖ് ഡോ. ബന്ദർ ബിൻ അബ്ദുൽ അസീസ് ബലീലയാണ് നേതൃത്വം നൽകിയത്.

മദീനയിലെ മസ്ജിദു നബവിയിൽ നടന്ന പെരുന്നാൾ നമസ്‌കാരത്തിന് ശൈഖ് അലി ബിൻ അബ്ദുൽ റഹ്മാൻ ഹുദൈബി നേതൃത്വം നൽകി. വിമാനയാത്ര നിയന്ത്രണങ്ങൾ മൂലം പെരുന്നാൾ ആഘോഷിക്കുവാൻ നാട്ടിൽ പോകാൻ കഴിയാത്ത പ്രയാസങ്ങളും പരിഭവങ്ങളും ഉള്ളലൊതുക്കിയാണ് പ്രവാസികൾ ഈ പെരുന്നാളിനെയും വരവേറ്റത്. രാജ്യത്തെ മുഴുവൻ വിദേശികൾക്കും സ്വദേശികൾക്കും ഹജ്ജ് തീർത്ഥാടകർക്കും, ലോകത്തുള്ള മുഴുവൻ വിശ്വാസികൾക്കും സൗദി ഭരണാധികാരി സൽമാൻ രാജാവ് പെരുന്നാൾ ആശംസകൾ നേർന്നു.

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News