സൗദിയിൽ നേരിട്ടുള്ള വിദേശ നിക്ഷേപ ലൈസൻസുകളിൽ 10 മടങ്ങ് വർധന
6000ത്തിൽ നിന്ന് 62,000 ആയി ഉയർന്നുവെന്ന് നിക്ഷേപ മന്ത്രി
റിയാദ്: സൗദി അറേബ്യയുടെ നേരിട്ടുള്ള വിദേശ നിക്ഷേപ മേഖലയിൽ വൻതോതിലുള്ള വർധന രേഖപ്പെടുത്തിയതായി നിക്ഷേപ മന്ത്രി എഞ്ചി. ഖാലിദ് അൽ ഫാലിഹ്. മേഖലയിൽ 10 മടങ്ങ് വർധനവാണ് ഉണ്ടായത്. 2019ൽ 6000 ലൈസൻസുകളുള്ളത് 2025 അവസാനത്തോടെ 62,000 ആയി ഉയർന്നുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ശൂറാ കൗൺസിലിന്റെ 15-ാമത് സെഷനിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഒരു ലക്ഷം കോടി റിയാൽ മൂല്യമുള്ള 2,000ത്തിലധികം നിക്ഷേപ അവസരങ്ങൾ മന്ത്രാലയം കണ്ടെത്തിയിട്ടുണ്ട്. ഇൻവെസ്റ്റ് ഇൻ സൗദി അറേബ്യ പ്ലാറ്റ്ഫോമിലൂടെ 23,100 കോടി റിയാൽ മൂല്യമുള്ള 346 കരാറുകളും പൂർത്തിയാക്കി. അന്താരാഷ്ട്ര കമ്പനികളുടെ പ്രാദേശിക ആസ്ഥാനം സൗദിയിലാക്കുന്നതിനുള്ള ശ്രമങ്ങൾ വിജയകരമായതായി മന്ത്രി വ്യക്തമാക്കി. 2030 ആകുമ്പോഴേക്കും 500 അന്താരാഷ്ട്ര കമ്പനികൾക്ക് ലൈസൻസ് നൽകലായിരുന്നു ലക്ഷ്യം. എന്നാൽ, 2025 അവസാനത്തോടെ തന്നെ 700ലധികം കമ്പനികൾക്കാണ് സൗദി ലൈസൻസ് നൽകിയത്.