ഒരാഴ്ചക്കിടെ സൗദിയിൽ 21,022 നിയമലംഘകർ പിടിയിൽ

8,511 നിയമലംഘകരെ നാടുകടത്തി

Update: 2026-03-07 16:24 GMT

റിയാദ്: സൗദിയിൽ ഒരാഴ്ചക്കിടെ 21,022 നിയമലംഘകർ പിടിയിൽ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് നടപടി. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. താമസ, തൊഴിൽ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിക്കുന്നവരെ പിടികൂടാനായി നടത്തിയ സംയുക്ത ഫീൽഡ് കാമ്പയിനെ തുടർന്നാണ് നടപടി.

താമസ നിയമം ലംഘിച്ച 15,038 പേരെയും അതിർത്തി സുരക്ഷാ നിയമം ലംഘിച്ച 3,484 പേരെയും തൊഴിൽ നിയമം ലംഘിച്ച 2,500 പേരെയുമാണ് അറസ്റ്റ് ചെയ്തതെന്ന് ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു. അതേസമയം, രാജ്യത്തേക്ക് അതിർത്തി വഴി കടക്കാൻ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായവരുടെ ആകെ എണ്ണം 1,466 ആയി. അവരിൽ 67% എത്യോപ്യൻ പൗരന്മാരും 32% യമൻ പൗരന്മാരും 1% മറ്റ് രാജ്യക്കാരുമാണ്.

Advertising
Advertising

ചടങ്ങൾ പാലിക്കാതെ രാജ്യത്തിന് പുറത്തേക്ക് കടക്കാൻ ശ്രമിച്ച 33 പേരെയും അറസ്റ്റ് ചെയ്തു. അതിനിടെ, താമസ, തൊഴിൽ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചവരെ കൊണ്ടുപോകൽ, അഭയം നൽകൽ, ജോലി ചെയ്യിപ്പിക്കൽ, ഒളിപ്പിക്കൽ എന്നിവയിൽ ഏർപ്പെട്ടതിന് 15 പേരെ അറസ്റ്റ് ചെയ്തതായും അധികൃതർ അറിയിച്ചു.

നിലവിൽ നടപടികൾ നേരിടുന്ന പ്രവാസികളുടെ ആകെ എണ്ണം 21,178 ആണെന്നും അതിൽ 19,665 പുരുഷന്മാരും 1,513 സ്ത്രീകളും ഉൾപ്പെടുന്നുവെന്നും അധികൃതർ ചൂണ്ടിക്കാട്ടി. 8,511 നിയമലംഘകരെ നാടുകടത്തിയതായും പറഞ്ഞു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News