ഹജ്ജ് നറുക്കെടുപ്പ് പൂർത്തിയായി; സംസ്ഥാനത്ത് നിന്ന് അവസരം ലഭിച്ചത് 8530 പേർക്ക്
ഇന്ത്യയിൽനിന്ന് ഒരുലക്ഷം പേർക്കാണ് അവസരം ലഭിക്കുന്നത്
ജിദ്ദ: സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിന് അപേക്ഷിച്ചവരുടെ നറുക്കെടുപ്പ് പൂർത്തിയായി. 8530 പേർക്കാണ് സംസ്ഥാനത്ത് നിന്ന് ഹജ്ജിന് അവസരം ലഭിച്ചത്. ഇന്ത്യയിൽനിന്ന് കേന്ദ്ര കമ്മിറ്റി വഴി ഒരുലക്ഷം പേർക്കാണ് അവസരം ലഭിക്കുന്നത്.
മുംബൈയിലെ കേന്ദ്ര ഹജ്ജ് കമ്മിറ്റി ഓഫീസിലായിരുന്നു നറുക്കെടുപ്പ്. സൗദി അറേബ്യ ഹജ്ജ് കോട്ട നിശ്ചയിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ ഒരുലക്ഷം പേർക്കാണ് നറുക്കെടുപ്പ് നടത്തിയത്. ബാക്കിയുള്ളവർ വെയിറ്റിംഗ് ലിസ്റ്റിൽ ഉൾപ്പെടുത്തും. ഹജ്ജ് കോട്ട പ്രഖ്യാപിക്കുന്നതോടെ കൂടുതൽ അവസരങ്ങൾ ലഭിക്കും. കേരളത്തിൽനിന്ന് 8530 പേർക്കാണ് അവസരം ലഭിച്ചത്. 65 വയസ്സിനു മുകളിലുള്ള മുഴുവൻ അപേക്ഷകർക്കും ഹജ്ജിന് അവസരം നൽകി. സ്ത്രീകൾ മാത്രമുള്ള വിഭാഗത്തിലും ഭൂരിഭാഗം പേരും ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. ഈ ഭാഗത്തിൽ 58 പേരാണ് അവസരം ലഭിക്കാത്തത്. ഇവർക്ക് വെയിറ്റിംഗ് ലിസ്റ്റിൽ ആദ്യ പരിഗണന നൽകും.
കഴിഞ്ഞവർഷത്തെ കാത്തിരിപ്പ് പട്ടികയിൽ ഉള്ളവരെയും ഇത്തവണ പരിഗണിച്ചിട്ടില്ല. ഇവർക്കും വെയിറ്റിംഗ് ലിസ്റ്റിൽ പരിഗണന നൽകും. ഹജ്ജിന്റെ ആദ്യ ഗഡു 152300 രൂപ ഈ മാസം 20നകം നൽകണം. നിശ്ചിത സമയത്തിനകം പണമടക്കാത്തവരുടെ അവസരം നഷ്ടപ്പെടും. ഹാജിമാർക്ക് നിർദേശങ്ങൾ നൽകാനായി 14 ജില്ലകളിലും ട്രെയിനർമാരെ നിശ്ചയിച്ചിട്ടുണ്ട്. തീർഥാടകർക്ക് ആവശ്യമായ മുഴുവൻ വിവരങ്ങളും ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റിൽ ലഭ്യമാണ്.