സൗദിയില്‍ നിക്ഷേപമിറക്കുന്ന വിദേശ കമ്പനികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന
2023 മൂന്നാം പാദത്തില്‍ 2192 വിദേശ കമ്പനികള്‍ ലൈസന്‍സ് നേടി.
സൗദിയില്‍ നിക്ഷേപമിറക്കുന്ന വിദേശ കമ്പനികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവ്. നടപ്പു വര്‍ഷം മൂന്നാം പാദത്തില്‍ രണ്ടായിരത്തി ഇരുന്നൂറോളം വിദേശ കമ്പനികള്‍ക്ക് പുതുതായി ലൈസന്‍സുകള്‍ അനുവദിച്ചതായി നിക്ഷേപ മന്ത്രാലയം അറിയിച്ചു.
സൗദിയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപമിറക്കുന്നതിന് കഴിഞ്ഞ മൂന്ന് മാസത്തിനിടെ 2192 ലൈസന്‍സുകള്‍ അനുവദിച്ചതായി നിക്ഷേപ മന്ത്രാലയം അറിയിച്ചു. മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 135 ശതമാനത്തിന്റെ വര്‍ധനവ് രേഖപ്പെടുത്തിയതായും മന്ത്രാലയം വ്യക്തമാക്കി. നാഷണല്‍ ആന്റി കൊമേഴ്ഷ്യല്‍ കണ്‍സീല്‍മെന്റ് പ്രോഗ്രാം തസത്തുര്‍ വഴിയാണ് പുതിയ ലൈസന്‍സുകള്‍ അനുവദിക്കുന്നത്.
ദേശീയ നിക്ഷേപ തന്ത്രം പ്രഖ്യാപിച്ചതും, ബഹുരാഷ്ട്ര കമ്പനികളുടെ റീജിയണല്‍ ആസ്ഥാനം രാജ്യത്തേക്ക് മാറ്റുന്നതിന് നിര്‍ദ്ദേശം നല്‍കിയതും വിദേശ നിക്ഷപം വര്‍ധിക്കുന്നതിന് ഇടയാക്കി. സര്‍ക്കാര്‍ തലത്തില്‍ വന്‍കിട പദ്ധതികള്‍ പ്രഖ്യാപിച്ചതും, ഇന്‍വെസ്റ്റ്മെന്റ് ഇന്‍ സൗദി എന്ന പേരില്‍ പ്രത്യേക പ്ലാറ്റ്ഫോം ആരംഭിച്ചതും നിക്ഷേപകരെ രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ സഹായകരമായി. ചെറുകിട നിക്ഷേപകര്‍ക്കുള്ള പ്രത്യേക പരിരക്ഷ, വാണിജ്യ പരാതികള്‍ പരിഹരിക്കുന്നതിന് പ്രത്യേക കോടതി, പരിഷ്‌കരിച്ച പാപ്പരത്ത നിയമം എന്നിവയും നിക്ഷേപം വര്‍ധിക്കുന്നതിന് ഇടയാക്കി.. കുത്തക കമ്പനികളുടെ റീജിയണല്‍ ആസ്ഥാനം രാജ്യ തലസ്ഥാനത്തേക്ക് മാറ്റുന്നതിനുള്ള നിര്‍ദ്ദേശം നടപ്പിലാക്കുന്നതിന് അനുവദിച്ച സമയപരിധി വരുന്ന ജനുവരിയില്‍ അവസാനിക്കും.