800 കോടി റിയാൽ ചെലവ്; റിയാദിലെ അഞ്ച് പ്രധാന റോഡുകളുടെ വികസന പദ്ധതികൾ പ്രഖ്യാപിച്ച് റോയൽ കമ്മീഷൻ
നാല് വർഷത്തിനുള്ളിൽ വികസനങ്ങൾ പൂർത്തിയാക്കും
റിയാദ്: റിയാദിലെ യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി മൂന്നാം ഘട്ട റോഡ് വികസന പദ്ധതികൾ പ്രഖ്യാപിച്ച് റോയൽ കമ്മീഷൻ ഫോർ റിയാദ് സിറ്റി. നഗരത്തിലെ പ്രധാന റിങ് റോഡുകളും അനുബന്ധ പാതകളും നവീകരിക്കുന്നതിനായി 800 കോടിയിലധികം റിയാൽ ചെലവിട്ടുള്ള വമ്പൻ പദ്ധതികളാണ് റോയൽ കമ്മീഷൻ പ്രഖ്യാപിച്ചിരിക്കുന്നത്. ജിദ്ദ റോഡ്, ത്വാഇഫ് റോഡ്, തുമാമ റോഡ്, കിങ് അബ്ദുൽ അസീസ് റോഡ്, ഉസ്മാൻ ബിൻ അഫാൻ റോഡ് എന്നീ അഞ്ച് പ്രധാന പാതകളാണ് ഈ ഘട്ടത്തിൽ വികസിപ്പിക്കുന്നത്. ഇതിൽ 29 കിലോമീറ്റർ നീളമുള്ള ജിദ്ദ റോഡ് പദ്ധതിയിൽ മാത്രം 14 പാലങ്ങളും അഞ്ച് പ്രധാന ലൈനുകളും ഉൾപ്പെടുന്നുണ്ട്. മറ്റു റോഡുകളിലായി നിരവധി ടണലുകളും ഫ്‌ളൈ ഓവറുകളും നിർമിക്കുന്നുണ്ട്.
കൂടാതെ, നഗരത്തിലെ തിരക്കേറിയ എട്ട് കേന്ദ്രങ്ങളിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി പ്രത്യേക എഞ്ചിനീയറിങ് മാറ്റങ്ങളും പദ്ധതിയിൽ നടപ്പിലാക്കും. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സമയത്ത് ഗതാഗതം തടസ്സപ്പെടാതിരിക്കാൻ കൃത്യമായ ബദൽ സംവിധാനങ്ങൾ ഒരുക്കിയതായും അധികൃതർ അറിയിച്ചു. മൂന്ന് മുതൽ നാല് വർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന ഈ വിപുലീകരണ പദ്ധതികളിലൂടെ പ്രതിദിനം ലക്ഷക്കണക്കിന് വാഹനങ്ങൾക്ക് സുഗമമായി സഞ്ചരിക്കാൻ സാധിക്കും.