തീർഥാടകർക്ക് താമസമൊരുക്കിയില്ല; സൗദിയിൽ ഉംറ കമ്പനിയുടെയും വിദേശ ഏജന്റിന്റെയും ലൈസൻസ് റദ്ദാക്കി
Update: 2025-12-29 13:02 GMT
ജിദ്ദ: തീർഥാടകർക്ക് നൽകേണ്ട താമസസൗകര്യങ്ങൾ ഒരുക്കുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് ഒരു ഉംറ സർവീസ് കമ്പനിയുടെയും അവരുടെ വിദേശ ഏജന്റിന്റെയും പ്രവർത്തനം ഹജ്ജ്-ഉംറ മന്ത്രാലയം താൽക്കാലികമായി നിർത്തിവെച്ചു. കൃത്യമായ കരാറുകൾ നിലവിലുണ്ടായിട്ടും രാജ്യത്തെത്തിയ തീർഥാടകർക്ക് താമസമൊരുക്കുന്നതിൽ ഈ സ്ഥാപനങ്ങൾ ഗുരുതരമായ നിയമലംഘനം നടത്തിയതായി മന്ത്രാലയം കണ്ടെത്തി. സൗദിയിൽ എത്തുന്ന തീർഥാടകരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഇത്തരം നിയമലംഘനങ്ങൾ ആവർത്തിക്കാതിരിക്കാനുമാണ് കമ്പനിയെയും ഏജന്റിനെയും സസ്പെൻഡ് ചെയ്തതെന്ന് അധികൃതർ വ്യക്തമാക്കി. നിയമങ്ങൾ ലംഘിക്കുന്ന കമ്പനികൾക്കെതിരെ കർശന നടപടികൾ തുടരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. എല്ലാ ഉംറ ഏജൻസികളും അംഗീകൃത നിബന്ധനകൾ പാലിച്ച് മികച്ച സേവനം നൽകണമെന്ന് മന്ത്രാലയം നിർദേശിച്ചു