സൗദിയിലുടനീളം '911' ഏകീകൃത സുരക്ഷാ സേവന നമ്പറാകും; വൻ പദ്ധതികളുമായി പൊതു സുരക്ഷാ വിഭാഗം
നിലവിൽ മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ മാത്രം ലഭ്യമായതാണ് ഈ സേവനം
റിയാദ്: സൗദിയിലെ എല്ലാ മേഖലകളിലേക്കും ഏകീകൃത സുരക്ഷാ റിപ്പോർട്ടിങ് സംവിധാനമായ '911' വ്യാപിപ്പിക്കുന്നു. നിലവിൽ മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ മാത്രം ലഭ്യമായ ഈ സേവനം വൈകാതെ തന്നെ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും നടപ്പിലാക്കും.റിയാദിൽ നടന്ന അബ്ഷിർ 2025 കോൺഫറൻസിൽ വെച്ച് പൊതുസുരക്ഷാ ഡയറക്ടർ ജനറൽ മുഹമ്മദ് അൽ ബസാമിയാണ് ഇക്കാര്യം അറിയിച്ചത്. സുരക്ഷാ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ഡ്രോൺ മാനേജ്‌മെന്റ് സിസ്റ്റം വികസിപ്പിക്കുന്നുണ്ട്. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ സുരക്ഷാ രംഗം പൂർണമായും സ്മാർട്ട് ആക്കി മാറ്റാനാണ് പബ്ലിക് സെക്യൂരിറ്റി ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസും അത്യാധുനിക സാങ്കേതികവിദ്യകളും ഉപയോഗിച്ച് പ്രവർത്തിക്കുന്ന പോലീസ് സ്റ്റേഷനുകൾ ജിദ്ദയിലും കിഴക്കൻ പ്രവിശ്യയിലും ഉടൻ യാഥാർഥ്യമാകും. റിയാദിലെ സുലൈമാനിയയിൽ വിജയകരമായി നടപ്പിലാക്കിയ മാതൃകാ പോലീസ് സ്റ്റേഷന്റെ തുടർച്ചയായാണ് ഈ നീക്കം. കൂടാതെ സുരക്ഷാ ഉദ്യോഗസ്ഥർക്കായി കോംപ്രിഹെൻസീവ് ഫീൽഡ് എന്ന പേരിൽ പുതിയ ആപ്ലിക്കേഷനും ഉടൻ പുറത്തിറക്കും. 2025ൽ മാത്രം പബ്ലിക് സെക്യൂരിറ്റി പ്ലാറ്റ്‌ഫോമുകൾ വഴി 18 കോടിയിലധികം ഇടപാടുകളാണ് നടന്നത്. നൂതനമായ സുരക്ഷാ സേവനങ്ങളിലൂടെ പൊതുജനങ്ങൾക്ക് കൂടുതൽ വേഗതയേറിയതും കൃത്യവുമായ സഹായം ഉറപ്പാക്കുകയാണ് ഈ പദ്ധതികളുടെ പ്രധാന ലക്ഷ്യമെന്നും അൽ ബസ്സാമി വിശദീകരിച്ചു.