അൽ ഉലാ ട്രെയിൽ റേസ് 2026 ജനുവരി 22 മുതൽ 23 വരെ
അഞ്ച് വയസുകാർ മുതൽ വിദഗ്ധ അത്ലറ്റുകൾ വരെയുള്ളവർക്കായി ആറ് തരം റേസുകൾ, രജിസ്‌ട്രേഷൻ ആരംഭിച്ചു
റിയാദ്: സൗദിയിലെ അൽ ഉലാ ട്രെയിൽ റേസ് 2026 ജനുവരി 22 മുതൽ 23 വരെ നടക്കും. റേസിനായുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. അൽ ഉലായുടെ പ്രകൃതിദൃശ്യങ്ങൾ കണ്ട് വെല്ലുവിളികൾ നിറഞ്ഞ പുരാതന പൈതൃക സ്ഥലങ്ങളിലൂടെ ഓടാനുള്ള അവസരമാണ് റേസിലൂടെ ലഭിക്കുക. ആറ് തരം റേസുകളാണുണ്ടാകുക. ആദ്യമായി ഓടുന്നവർ മുതൽ എലൈറ്റ് അൾട്രാ ഡിസ്റ്റൻഷ്‌സ് അത്ലറ്റുകൾ വരെയുള്ളവർക്ക് പങ്കെടുക്കാം.
അഞ്ച് മുതൽ 12 വയസ് വരെ പ്രായമുള്ള കുട്ടികൾക്കുള്ള കിഡ്സ് റൺ (1.6 കിലോമീറ്റർ), 13 വയസ്സും അതിൽ കൂടുതലുമുള്ള ഓട്ടക്കാർക്കുള്ള സൺസെറ്റ് റൺ (3 കിലോമീറ്റർ), 10 കിലോമീറ്റർ ട്രയൽ റൺ, പരിചയസമ്പന്നർക്ക് 23 കിലോമീറ്റർ ദൂരം, കൂടുതൽ പരിചയസമ്പന്നരായ അത്ലറ്റുകൾക്ക് 50 കിലോമീറ്റർ, ഏറ്റവും സ്ഥിരതയുള്ളതും വൈദഗ്ധ്യമുള്ളതുമായ ഓട്ടക്കാർക്കായി 100 കിലോമീറ്റർ അൾട്രാ ട്രയൽ റേസ് എന്നിങ്ങനെയാണ് റേസുകൾ. എല്ലാ റൂട്ടുകളും ഓൾഡ് ടൗണിലാണ് അവസാനിക്കുക.