തീർഥാടകർക്കായി വിശുദ്ധജലം റെഡി; സജ്ജമാക്കിയത് 22 ലക്ഷം സംസം കുപ്പികൾ
പ്രതിദിനം 5 ലിറ്ററിന്റെ 2 ലക്ഷം കുപ്പികൾ ഉത്പാദിപ്പിക്കാനുള്ള ശേഷി നിലവിൽ പ്രോജക്ടിനുണ്ട്
റിയാദ്: വിശുദ്ധ റമദാൻ മാസത്തിൽ തീർഥാടകരുടെ തിരക്ക് കണക്കിലെടുത്ത് വിപുലമായ സജ്ജീകരണങ്ങളുമായി കിങ് അബ്ദുല്ല സംസം വാട്ടർ പ്രോജക്ട്. 22 ലക്ഷത്തിലധികം സംസം കുപ്പികൾ സജ്ജമാക്കിയതായി നാഷണൽ വാട്ടർ കമ്പനി അറിയിച്ചു. പ്രതിദിനം 5 ലിറ്ററിന്റെ 2 ലക്ഷം കുപ്പികൾ ഉത്പാദിപ്പിക്കാനുള്ള ശേഷി നിലവിൽ പ്രോജക്ടിനുണ്ട്.
പ്രധാന കേന്ദ്രത്തിന് പുറമെ സൗദി അറേബ്യയിലുടനീളമുള്ള 750 ലധികം വിൽപന കേന്ദ്രങ്ങൾ വഴി സംസം ലഭ്യമാക്കും. ഹറം ശരീഫിലേക്ക് 24 മണിക്കൂറും തടസ്സമില്ലാതെ സംസം വെള്ളം പമ്പ് ചെയ്യുന്നത് തുടരും. വെള്ളം കിണറ്റിൽ നിന്ന് ശേഖരിക്കുന്നത് മുതൽ കുപ്പികളിലാക്കുന്നത് വരെയുള്ള എല്ലാ ഘട്ടങ്ങളും പൂർണ്ണമായും ഓട്ടോമാറ്റിക് സംവിധാനത്തിലാണ്. വെള്ളത്തിന്റെ ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കാൻ ലബോറട്ടറികളിൽ പ്രതിദിനം 400 ലധികം പരിശോധനകളാണ് നടത്തുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന ദശലക്ഷക്കണക്കിന് വിശ്വാസികൾക്ക് ഏറ്റവും മികച്ച രീതിയിൽ സംസം ലഭ്യമാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി.