Writer - razinabdulazeez
razinab@321
റിയാദ്: സൗദിയിൽ വിവാഹ ഹാളുകൾ, സൽക്കാരങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളിൽ ഭേദഗതി വരുത്തി. ഭക്ഷ്യ പാനീയ മാലിന്യ നിവാരണ സംഘടനകളുമായി കരാർ ചെയ്ത് മാത്രമേ ഭക്ഷണം വിതരണം ചെയ്യാവു. ഇത്തരം സംഘടനകൾ ഭക്ഷണത്തിന്റെ ഗുണമേന്മയും നിലവാരവും ഉറപ്പാക്കണം. ആരോഗ്യകരമായ പാക്കിങ് നിർബന്ധമാണ്. പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേകം ടോയ്‌ലറ്റുകൾ ലഭ്യമാക്കണം. സർവീസ് റൂമുകൾ, റിസപ്ഷൻ, അഡ്മിൻ ഓഫീസ് തുടങ്ങിയവും കല്യാണ ഹാളുകളിൽ നിർബന്ധമാണ്. അതിഥികൾക്കായുള്ള ലോഞ്ച്, കുട്ടികൾക്ക് കളിസ്ഥലം, അണ്ടർഗ്രൗണ്ട് പാർക്കിംഗ് തുടങ്ങിയ സൗകര്യങ്ങൾ നിർബന്ധമല്ലെങ്കിലും ഇത്തരം സൗകര്യങ്ങൾകൂടി ലഭ്യമാക്കിയിരിക്കണം. ചുമരുകളുടെ പുറത്തുകൂടെ ഇലക്ട്രിക് വയറുകൾ സജ്ജീകരിക്കുന്നത് അനുവദിക്കില്ല. കെട്ടിടത്തിന്റെ മേൽക്കൂരയിൽ തുറന്ന നിലയിൽ എയർ കണ്ടീഷണർ യൂണിറ്റുകൾ സ്ഥാപിക്കുന്നതിനും വിലക്കുണ്ട്. അംഗവൈകല്യമുള്ളവർക്കായി പ്രത്യേക സൗകര്യങ്ങൾ ലഭ്യമാക്കണം. കല്യാണ ഹാളുകൾക്ക് 2.4 മീറ്റർ ഉയരമുള്ള മതിലുകളും നിർബന്ധമാക്കി. പാർക്കിംഗ് ഏരിയയിൽ നടക്കാനുള്ള സ്ഥലം കൂടി ഉറപ്പാക്കണം. ഭക്ഷണ മേശകൾക്കിടയിൽ ചുരുങ്ങിയത് 150 സെന്റിമീറ്റർ അകലം പാലിച്ചിരിക്കണം. മുഴുവൻ ഹാളുകളുമായി ബന്ധപ്പെട്ട് ഇപേയ്മെന്റ് സംവിധാനങ്ങൾ ഒരുക്കണം തുടങ്ങിയവയാണ് പുതിയ നിയമങ്ങളിലെ മാറ്റങ്ങൾ. പൊതു ജനങ്ങളുടെ സുരക്ഷയും സൗകര്യവും വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.