ചെറിയ പെരുന്നാളിന് അക്വാറേബ്യയിൽ അടിച്ചുപൊളിക്കാം...
വാട്ടർ തീം പാർക്ക് ഈദുൽ ഫിത്വറിന് ഉദ്ഘാടനം ചെയ്യുമെന്ന് ഖിദ്ദിയ എം.ഡി, സ്ത്രീകൾക്കായി പ്രത്യേക ദിവസങ്ങൾ
റിയാദ്: സൗദിയിലെ അക്വാറേബ്യ വാട്ടർ തീം പാർക്ക് വരാനിരിക്കുന്ന ഈദുൽ ഫിത്വറിന് ഉദ്ഘാടനം ചെയ്യുമെന്ന് ഖിദ്ദിയ കമ്പനി എം.ഡി അബ്ദുല്ല ബിൻ നാസർ അൽ ദാവൂദ്. മേഖലയിലെ ഏറ്റവും വലിയ വാട്ടർ തീം പാർക്കായിരിക്കും അക്വാറേബ്യയെന്നും ലോക നിലവാരത്തിലുള്ള വിനോദങ്ങൾ പാർക്കിലുണ്ടാകുമെന്നും എം.ഡി വ്യക്തമാക്കി. അണ്ടർവാട്ടർ സമുദ്ര പരിസ്ഥിതി കാണാനുള്ള അന്തർവാഹിനി സവാരിയടക്കമുള്ള നാലഞ്ച് ഇനങ്ങൾ ലോകത്തിൽ തന്നെ ആദ്യമായി പാർക്കിലാണ് അവതരിപ്പിക്കുന്നതെന്നും പറഞ്ഞു.
പാർക്കിൽ സ്ത്രീകൾക്കായി പ്രത്യേക ദിവസങ്ങൾ അനുവദിക്കുമെന്നും ഫോട്ടോഗ്രാഫി പൂർണമായും നിരോധിക്കുമെന്നും എംഡി അറിയിച്ചു. സ്ത്രീ സന്ദർശകർക്കായി പൂർണ വനിതാ ടീമിനെ നിയോഗിക്കുമെന്നും വ്യക്തമാക്കി. കുടുംബങ്ങൾക്കായി സ്വകാര്യ മുറികളുണ്ടാകുമെന്നും അകത്തേക്ക് ഭക്ഷണം ഓർഡർ ചെയ്യാനാകുന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ത്രീകളുടേതല്ലാത്ത ദിവസങ്ങളിൽ എല്ലാവർക്കും പ്രവേശനം ലഭ്യമാകും.