1.4 ദശലക്ഷത്തിലധികം കാപ്റ്റഗണ്‍ ഗുളികകള്‍ കടത്താനുള്ള ശ്രമം സൗദി കസ്റ്റംസ് പരാജയപ്പെടുത്തി

Update: 2022-02-04 14:51 GMT
Advertising

സൗദിയിലെ ഹദിത തുറമുഖം വഴി 1.4 ദശലക്ഷത്തിലധികം കാപ്റ്റഗണ്‍ ഗുളികകള്‍ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി. അഞ്ചു ഘട്ടമായാണ് ട്രക്കുകളിലും വാഹനങ്ങളിലും ഒളിപ്പിച്ച നിലയില്‍ ഇത്രയും ഗുളികകള്‍ കടത്താന്‍ ശ്രമം നടന്നത്.

അത്യാധുനിക സുരക്ഷാ സാങ്കേതിക വിദ്യകളിലൂടെയും സ്‌നിഫര്‍ ഡോഗ്‌സിന്റെ സഹായത്തോടെയും നിരവധി ട്രക്കുകളും വാഹനങ്ങളുമാണ് കസ്റ്റംസ് പരിശോധിച്ചത്. വ്യത്യസ്ത രീതികളിലാണ് ക്യാപ്റ്റഗണ്‍ ഗുളികകള്‍ ഒളിപ്പിച്ചിരുന്നതെന്ന് അതോറിറ്റി വിശദീകരിച്ചു. 



 


വാഹനങ്ങളിലൊന്നിന്റെ അടിഭാഗത്തെ പ്രത്യേക അറയിലും ഇന്ധന ടാങ്കിലും ഒളിപ്പിച്ച നിലയിലുള്ള 774,000 ലധികം ഗുളികകളാണ് ആദ്യ ശ്രമത്തില്‍ പിടിച്ചത്. രണ്ടാം ശ്രമത്തില്‍ 272,000 ത്തിലധികം ഗുളികകളും മൂന്നാമത് 269,767 ഗുളികകളുമാണ് ട്രക്കുകളുടെ വിവിധ ഭാഗങ്ങളില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. ഹദീത തുറമുഖത്ത് നിന്ന് തന്നെയാണ് അടുത്ത ശ്രമങ്ങളും കണ്ടെത്തി പരാജയപ്പെടുത്തിയത്.



 

സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി കസ്റ്റംസ് അറിയിച്ചു. സമൂഹത്തെയും ദേശീയ സമ്പദ്വ്യവസ്ഥയെയും സംരക്ഷിക്കാന്‍ കള്ളക്കടത്ത് തടയുന്നതിനായി എല്ലാവരും സഹകരിക്കണമെന്ന് കസ്റ്റംസ് അഭ്യര്‍ത്ഥിച്ചു. 1910 എന്ന നമ്പര്‍ വഴിയോ ഔദ്യോഗിക ഇമെയില്‍ വഴിയോ ഇന്റര്‍നാഷണല്‍ നമ്പരായ 00966114208417 വഴിയോ വിവരങ്ങള്‍ നല്‍കാവുന്നതാണ്. അത്തരം വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് മികച്ച പാരിതോഷികവും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇവരുടെ പേരുവിവരങ്ങള്‍ അതീവ രഹസ്യമായി തന്നെ സൂക്ഷിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News