യമൻ പുനരുദ്ധാരണ പദ്ധതി; സാംസ്കാരിക പൈതൃകം സംരക്ഷിക്കാൻ സൗദി-യുഎൻ ധാരണ
SDRPYയും യുനെസ്കോയും കരാറിൽ ഒപ്പുവെച്ചു
റിയാദ്: യമനിലെ സാംസ്കാരിക-പൈതൃക മേഖലകളെ സംരക്ഷിക്കാനും പുനരുദ്ധരിക്കാനുമായി സൗദി ഡെവലപ്‌മെന്റ് ആന്റ് റീസ്ട്രക്ഷൻ പ്രോഗ്രാം ഫോർ യമൻ (SDRPY) യുനെസ്കോയുമായി തന്ത്രപ്രധാന പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചു. ചരിത്ര സ്മാരകങ്ങൾ അന്താരാഷ്ട്ര നിലവാരത്തിൽ സംരക്ഷിക്കുകയാണ് ഈ പങ്കാളിത്തത്തിന്റെ പ്രധാന ലക്ഷ്യം.
പൈതൃകം, സംസ്കാരം, വിദ്യാഭ്യാസം, ശാസ്ത്രം എന്നീ മേഖലകളിൽ യമനി സ്ഥാപനങ്ങളുടെ ശേഷി വർധിപ്പിക്കുക, യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ നിർദേശിക്കപ്പെട്ട യമനി ചരിത്ര സ്ഥലങ്ങൾ തിരിച്ചറിയുകയും യോഗ്യത നൽകുകയും ചെയ്യുക എന്നിവയും കരാറിന്റെ പ്രധാന ലക്ഷ്യങ്ങളാണ്. ഇതിലൂടെ പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണകരമായ ഫലങ്ങൾ സൃഷ്ടിക്കാനാണ് സൗദി ഉദ്യേശിക്കുന്നത്. SDRPYയും യുനെസ്കോയും തമ്മിൽ നിലവിലുള്ള സഹകരണത്തിന്റെ തുടർച്ചയാണ് ഈ ധാരണ.
ഹളർമൗത്ത് ഗവർണറേറ്റിലെ സെയ്യൂൻ കൊട്ടാരം (Seiyun Palace) പുരുദ്ധാരണ പദ്ധതി, യമനിലെ അടിസ്ഥാന വിദ്യാഭ്യാസത്തിനുള്ള പിന്തുണ, പൊതു താൽപര്യമുള്ള മേഖലകളെ പിന്തുണയ്ക്കുന്നതിൽ കാര്യമായ സ്വാധീനം ചെലുത്തിയ നിരവധി സാംസ്കാരിക സംരംഭങ്ങൾ എന്നിവയുൾപ്പെടെ വിവിധ പദ്ധതികൾ സൗദി യുനെസ്കോയുമായി സഹകരിച്ച് നടപ്പാക്കിയിരുന്നു.