സേവനങ്ങളിൽ വീഴ്ച: സൗദിയിൽ 1,800 വിദേശ ഉംറ ഏജൻസികൾക്ക് താൽക്കാലിക വിലക്ക്
പിഴവുകൾ തീർക്കാൻ 10 ദിവസം സമയം
ജിദ്ദ: ഉംറ മേഖലയിൽ പ്രവർത്തിക്കുന്ന 1,800 വിദേശ ട്രാവൽ ഏജൻസികളുടെ കരാറുകൾ സൗദി ഹജ്ജ് ഉംറ മന്ത്രാലയം താൽക്കാലികമായി റദ്ദാക്കി. ആകെ പ്രവർത്തിക്കുന്ന 5,800 ഏജൻസികളിൽ നിന്നാണ് മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. ഏജൻസികളുടെ പ്രവർത്തന നിലവാരം മെച്ചപ്പെടുത്തുന്നതിനും സേവനങ്ങളിലെ വീഴ്ചകൾ പരിഹരിക്കുന്നതിനുമായി മന്ത്രാലയം ഇവർക്ക് 10 ദിവസത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്. ഈ കാലയളവിനുള്ളിൽ നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ചു പദവി ശരിയാക്കാത്ത ഏജൻസികൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയ വക്താവ് ഡോ. ഘസാൻ അൽ നുഐമി വ്യക്തമാക്കി. നിലവിൽ പുതിയ വിസകൾ അനുവദിക്കുന്നതിന് മാത്രമാണ് ഈ ഏജൻസികൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.
അതേസമയം, നിലവിൽ ഉംറ വിസ ലഭിച്ചവർക്കോ അല്ലെങ്കിൽ മുൻകൂട്ടി ബുക്കിങ് നടത്തിയവർക്കോ ഈ നടപടി മൂലം യാതൊരു തടസ്സവും ഉണ്ടാകില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇവർക്ക് ലഭിക്കേണ്ട സേവനങ്ങൾ തടസ്സമില്ലാതെ തുടരും. 10 ദിവസത്തെ കാലാവധിക്ക് ശേഷം ഏജൻസികളുടെ പ്രവർത്തനം കൃത്യമായി വിലയിരുത്തുകയും നിബന്ധനകൾ പാലിച്ച ഏജൻസികളുടെ കരാറുകൾ പുനഃസ്ഥാപിക്കുകയും ചെയ്യും.