റിയാദിലെ ഹംബുർഗിനി റസ്റ്ററന്റിലെ ഭക്ഷ്യവിഷബാധ; കാരണമായത്‌ ബോൺ തൂം ബ്രാൻഡിന്റെ മയോണൈസ്

സൗദി വിപണിയിൽ നിന്ന് ബ്രാൻഡിന്റെ മുഴുവൻ മയോണൈസും പിൻവലിച്ചു

Update: 2024-05-11 17:05 GMT
Editor : Thameem CP | By : Web Desk

റിയാദ്: സൗദിയിലെ റിയാദിലെ ഹംബുർഗിനി റസ്റ്ററന്റിലെ ഭക്ഷ്യവിഷബാധക്ക് കാരണം മയോണൈസെന്ന് മുനിസിപ്പൽ മന്ത്രാലയം. ബോൺ തൂം എന്ന ബ്രാൻഡിന്റെ മയോണൈസ് ഇതേ തുടർന്ന് സൗദി വിപണിയിൽ നിന്ന് പിൻവലിച്ചു. എഴുപത്തിയഞ്ചോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഭക്ഷ്യവിഷബാധയിൽ ഒരാൾ മരിച്ചിരുന്നു.

ദിവസങ്ങൾക്ക് മുമ്പാണ് റിയാദിലെ ഹംബുർഗിനി ബ്രാഞ്ചിൽ ഭക്ഷ്യവിഷബാധയുണ്ടായത്. ഇതേ കുറിച്ചുള്ള അന്വേഷണമാണ് ഭക്ഷ്യവിഷബാധയുടെ ഉറവിടം കണ്ടെത്തിയത്. മയോണൈസാണ് ഭക്ഷ്യവിഷ ബാധക്ക് കാരണമായതെന്ന് മുനിസിപ്പൽ മന്ത്രാലയം ആരോഗ്യ വകുപ്പ് പരിശോധനകളിലൂടെ സ്ഥിരീകരിച്ചു. ഇതിന് കാരണമായ ബോൺ തൂം എന്ന ബ്രാൻഡിലുള്ള മയോണൈസ് വിപണിയിൽ നിന്നും പിൻവലിച്ചിട്ടുണ്ട്. ഇതിന്റെ നിർമാണം നടത്തിയ ഫാക്ടറിയുടെ പ്രവർത്തനവും മന്ത്രാലയം അവസാനിപ്പിച്ചു. സൗദിയിലെ മുഴുവൻ ഭക്ഷ്യ സ്ഥാപനങ്ങൾക്കും ഇത് സംബന്ധിച്ച മുന്നറിയിപ്പും മന്ത്രാലയം നൽകിയിട്ടുണ്ട്. സ്ഥാപനത്തിന്റെ പിഴവാണെന്ന് കരുതി പിഴ ഈടാക്കുമെന്ന് റസ്റ്ററന്റിന് മുന്നറിയിപ്പ് നൽകിയിരുന്നു. അന്വേഷണത്തിൽ പിഴവ് മയോണൈസ് നിർമാതാക്കൾക്കാണെന്ന് കണ്ടെത്തിയതിനാൽ തുടർ നടപടികൾ മന്ത്രാലയം തീരുമാനിക്കും. ഭക്ഷണം കഴിച്ചവർക്ക് തളർച്ചയും പക്ഷാഘാതവും വരെ കാരണമായിട്ടുണ്ട്. ഒരാൾ മരിക്കുകയും ചെയ്തു. ഇതിന് കാരണമായത് കോളോസ്ട്രിയം ബോട്ടുലിനം ബാക്ടീരിയാണ്. ഈ ബാക്ടീരിയക്ക് ബോട്ടുലിസം എന്ന ഗുരുതര പ്രതിസന്ധി സൃഷ്ടിക്കാൻ കഴിയും. ഇതോടെ ഭക്ഷ്യവിഷബാധയേറ്റ ആൾക്ക് ഞരമ്പ് തളർച്ചയും ശ്വാസ തടസ്സവും മരണവും വരെ സംഭവിച്ചേക്കാമെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. കാലാവധി തെറ്റിയാലും ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുന്നതാണ് മയോണൈസ്. സംഭവങ്ങൾക്ക് പിന്നാലെ ഭക്ഷണത്തിൽ ഉപയോഗിക്കുന്ന ഉത്പന്നങ്ങൾ എന്തെല്ലാമെന്നത് ട്രാക്ക് ചെയ്യാൻ സ്ഥാപനങ്ങൾക്ക് മന്ത്രാലയം നിർദേശം നൽകിയിരുന്നു.

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News