റിയാദിൽ പുതിയ വ്യവസായ മേഖല വരുന്നു; പ്രഖ്യാപനവുമായി വ്യവസായ മന്ത്രി
നിക്ഷേപകർക്കായി പ്രത്യേക പദ്ധതികളും
റിയാദ്: സൗദിയുടെ തലസ്ഥാനമായ റിയാദിൽ വ്യവസായ മേഖലയുടെ വികസനത്തിനായി 20 ദശലക്ഷം ചതുരശ്ര മീറ്റർ ഭൂമി അനുവദിച്ചതായി വ്യവസായ മന്ത്രി ബന്ദർ അൽ ഖുറൈഫ് അറിയിച്ചു. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ പ്രത്യേക പിന്തുണയോടെയാണ് ഈ സുപ്രധാന നീക്കം. നിലവിൽ റിയാദ് നഗരത്തിൽ പുതിയ വ്യവസായങ്ങൾ തുടങ്ങാൻ ആവശ്യമായ ഭൂമിയുടെ ലഭ്യത കുറവാണെന്നും, പുതിയ പദ്ധതിയിലൂടെ ഈ പ്രതിസന്ധിക്ക് പരിഹാരമാകുമെന്നും എട്ടാമത് റിയാദ് ഇൻഡസ്ട്രിയൽ കൗൺസിലിൽ സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി. സൗദി അതോറിറ്റി ഫോർ ഇൻഡസ്ട്രിയൽ സിറ്റീസ് ആൻഡ് ടെക്‌നോളജി സോൺസ് നിലവിൽ രാജ്യത്തുടനീളം 236 ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാവസായിക മേഖലകൾ വികസിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
നിക്ഷേപകർക്ക് വലിയ സാമ്പത്തിക സഹായമാകുന്ന ബിൽഡ്-ടു-സ്യൂട്ട് ഫാക്ടറികൾ എന്ന പുതിയ പദ്ധതിയും മന്ത്രാലയം ഉടൻ ആരംഭിക്കും. നിക്ഷേപകരുടെ താൽപര്യത്തിനനുസരിച്ച് മന്ത്രാലയം ഫാക്ടറികൾ നിർമിച്ച് നൽകുകയും അവ നിക്ഷേപകർക്ക് വാടകയ്ക്ക് നൽകുകയും ചെയ്യുന്ന രീതിയാണിത്. ഫാക്ടറി നിർമാണത്തിനായി വലിയ തുക മുൻകൂട്ടി ചെലവഴിക്കേണ്ടി വരുന്നത് ഒഴിവാക്കാൻ ഈ പദ്ധതി സഹായിക്കും. സൗദിയെ ലോകത്തെ പ്രധാന വ്യവസായ കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമാണ് പുതിയ വ്യാവസായിക നഗരങ്ങളുടെ വികസനവും ഇത്തരം നൂതന പദ്ധതികളെന്നും മന്ത്രി പറഞ്ഞു.